സിറിയന്‍ ഉപപ്രധാനമന്ത്രി ഡല്‍ഹിയില്‍
text_fieldsന്യൂഡല്‍ഹി: സിറിയ യുദ്ധകലുഷിതമായി മാറിയ 2011നു ശേഷം ഇതാദ്യമായി അവിടെനിന്ന് ഉന്നത ഭരണനേതാവ് ഡല്‍ഹിയില്‍. ഉപപ്രധാനമന്ത്രി വലീദ് അല്‍മുഅല്ലിം ആണ് നാലു ദിവസത്തെ സന്ദര്‍ശനത്തിന് തിങ്കളാഴ്ച രാവിലെ എത്തിയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഈയാഴ്ച ഇസ്രായേല്‍, ഫലസ്തീന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അതിനു തൊട്ടുമുമ്പാണ് സിറിയന്‍ ഉപപ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ചൊവ്വാഴ്ച ഹൈദരാബാദ് ഹൗസില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. ഇതിനു പുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെയും അദ്ദേഹം കാണും.
സിറിയന്‍ സംഘര്‍ഷ വിഷയത്തില്‍ ഇന്ത്യ ജാഗ്രത നിറഞ്ഞ നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ഭരണമാറ്റം മുന്‍നിര്‍ത്തി പാശ്ചാത്യ ശക്തികള്‍ നടത്തുന്ന ആക്രമണത്തെ അനുകൂലിക്കുന്നില്ല. പുറംശക്തികളുടെ ഇടപെടലിന് ഇന്ത്യ എതിരാണ്. വിഷയങ്ങള്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ അക്രമം അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇന്ത്യക്ക്.
സിറിയന്‍ സംഘര്‍ഷം മാറ്റിയെടുക്കാന്‍ പാശ്ചാത്യ ശക്തികള്‍ നടത്തുന്ന ശ്രമത്തിനിടയില്‍ സിറിയന്‍ ഉപപ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്‍െറ ഗുണഫലം എന്തായിരിക്കുമെന്ന് വ്യാപകമായി വീക്ഷിക്കപ്പെടുന്നുണ്ട്. സിറിയന്‍ ഭരണകൂടവും വിമത വിഭാഗങ്ങളുമായി ഈ മാസം 25ന് ജനീവയില്‍ ചര്‍ച്ച തുടങ്ങാനിരിക്കുകയാണ്. വ്യാപാരം, ഊര്‍ജം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ചര്‍ച്ചയെന്നാണ് പുറമെ പറഞ്ഞിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
