യു.പി ജില്ലാപഞ്ചായത്ത് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എസ്.പിക്ക് വന്‍നേട്ടം
text_fieldsന്യൂഡല്‍ഹി: യു.പി ജില്ലാപഞ്ചായത്ത് ചെയര്‍മാന്മാരുടെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തള്ളി ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിക്ക് തിളക്കമാര്‍ന്ന ജയം. 74ല്‍ 60 സീറ്റും സമാജ്വാദി പാര്‍ട്ടി തൂത്തുവാരി. മത്സരമില്ലാതെ ചെയര്‍മാനെ തെരഞ്ഞെടുത്ത 38ല്‍ 36ഉം എസ്.പിയുടെതായിരുന്നു. അതിനു പുറമേ വോട്ടെടുപ്പിലൂടെ 24 അധ്യക്ഷന്മാരെക്കൂടിയാണ് മുലായം സിങ് നയിക്കുന്ന സമാജ്വാദി പാര്‍ട്ടിക്ക് കിട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ലക്ഷ്മീകാന്ത് ബാജ്പേയിയുടെ മണ്ഡലമായ മീറത്തിലും ബി.ജെ.പി തോറ്റു.
പശ്ചിമ യു.പിയിലെ ഏഴില്‍ അഞ്ചുസീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞതാണ് ഏക ആശ്വാസം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമത്തേിയില്‍ എസ്.പി സ്ഥാനാര്‍ഥി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വാരാണസിയില്‍ എസ്.പി സ്ഥാനാര്‍ഥി അപരാജിത സോങ്കര്‍ ബി.ജെ.പി-അപ്നാദള്‍ സഖ്യസ്ഥാനാര്‍ഥി അമിത്കുമാര്‍ സോങ്കറെയാണ് തോല്‍പിച്ചത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൃഷ്ണ ചൗരസ്യ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെയാണ് എസ്.പി സ്ഥാനാര്‍ഥി എതിരില്ലാതെ ജയിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തെതന്നെ പാര്‍ട്ടി സ്ഥാനാര്‍ഥി വെട്ടിലാക്കുകയായിരുന്നു.
74 ജില്ലകളില്‍ 44ലും വനിതകളാണ് അധ്യക്ഷസ്ഥാനത്തേക്ക് ജയിച്ചത്. മെയിന്‍പുരിയില്‍ ജയിച്ച മുലായം സിങ്ങിന്‍െറ മരുമകള്‍ സന്ധ്യ യാദവും ഇതില്‍ ഉള്‍പ്പെടുന്നു. ഇറ്റാവയില്‍ മുലായത്തിന്‍െറ അനന്തരവന്‍ അഭിഷേക് യാദവ് ജയിച്ചു.
മുസഫര്‍നഗറും ഷാംലിയും ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ ജയിച്ചതായി ബി.ജെ.പിയും സഖ്യകക്ഷികളും അവകാശപ്പെട്ടു. ബി.എസ്.പി നാലിടത്ത് ജയിച്ചതായി വാദിച്ചു. കോണ്‍ഗ്രസിനും രാഷ്ട്രീയ ലോക്ദളിനും ഒന്നുവീതമാണ് കിട്ടിയത്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലാണ് കോണ്‍ഗ്രസിന്‍െറ ഏക ചെയര്‍മാന്‍.
അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിലേക്ക് മുന്നൊരുക്കങ്ങള്‍ക്കായി ബി.ജെ.പി 17 കേന്ദ്രമന്ത്രിമാരെയാണ് നിയോഗിച്ചിട്ടുള്ളത്.
ലോകസഭാ തെരഞ്ഞെടുപ്പില്‍ മറ്റെല്ലാ പാര്‍ട്ടികളെയും നിഷ്പ്രഭമാക്കിയ ബി.ജെ.പി കരുതലോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചുവടുവെക്കുകയാണ്.
ബിഹാറിലെ തോല്‍വിയുടെ ക്ഷീണം യു.പിയില്‍ തീര്‍ത്തെടുക്കാനാണ് ശ്രമം. ഇതിനിടയിലാണ് എസ്.പിയുടെ മുന്നേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
