കൂടുതൽ ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയ ഉത്തരവ് പ്രാബല്യത്തിൽ
text_fieldsന്യൂഡൽഹി: രണ്ട് ലക്ഷം രൂപക്ക് മുകളിലുള്ള എല്ലാ ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. കള്ളപ്പണവും നികുതിവെട്ടിപ്പും തടയുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസർക്കാർ പാൻ കാർഡ് നിർബന്ധമാക്കിയത്. പാൻ കാർഡില്ലാത്തവർ നൽകുന്ന ഫോം 60ൽ തെറ്റായ വിവരം രേഖപ്പെടുത്തി നികുതി വെട്ടിച്ചാൽ ഏഴ് വർഷം വരെ കഠിന തടവ് ലഭിക്കും.
സ്ഥിര നിക്ഷേപത്തിന് പുറമെ സേവിങ് നിക്ഷേപം ആരംഭിക്കുന്നതിനും സഹകരണ ബാങ്കിൽ 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നതിനും ഇന്നു മുതൽ പാൻ കാർഡ് വേണം. കൂടാതെ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും വസ്തു കൂടാതെ രണ്ട് ലക്ഷത്തിന് മുകളിൽ മൂല്യമുള്ള ഏതുതരം സാധനത്തിനും സേവനത്തിനും പാൻ കാർഡ് നിർബന്ധമാക്കി. രണ്ട് ലക്ഷം രൂപക്ക് മേൽ വിലയുള്ള ഫർണീച്ചറോ 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള വിദേശ കറൻസിയോ വാങ്ങാനും പാൻ കാർഡ് വേണം.
പാൻ കാർഡ് ബാധകമായ ഹോട്ടൽ ബില്ലിന്‍റെ പരിധി 25,000 രൂപയിൽ നിന്ന് 50,000 രൂപയാക്കിയിട്ടുണ്ട്. വസ്തു ഇടപാടിന്‍റെ പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കി. അതേസമയം, മൊബൈൽ, ലാൻഡ് ലൈൻ കണക്ഷനുകൾ എടുക്കാനും കമ്പനികളിൽ നിന്ന് നേരിട്ട് 50,000 രൂപക്കുമേൽ ഒാഹരി വാങ്ങാനും പാൻ കാർഡ് വേണ്ട.
പാൻ കാർഡ് ഇല്ലാത്തവർ ഫോം 60 പൂരിപ്പിച്ച് നൽകണം. ഇതിലെ വിവരങ്ങളിൽ ബോധപൂർവം തെറ്റു വരുത്തുകയും അതുവഴി 25 ലക്ഷം രൂപയിൽ കൂടുതൽ നികുതി വെട്ടിക്കുകയും ചെയ്താൽ ഏഴ് വർഷം വരെ കഠിന തടവും പിഴയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
