യാത്ര-ചരക്കു കൂലി വര്‍ധനയില്ല; പുതിയ ട്രെയിനുകളുമില്ല
text_fieldsന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന്‍െറ രണ്ടാമത്തെ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് മന്ത്രി സുരേഷ് പ്രഭു ലോക്സഭയില്‍ അവതരിപ്പിച്ചു. ഇത് രാജ്യത്തെ സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ബജറ്റ് ആണെന്ന് പറഞ്ഞുകൊണ്ടാണ് പ്രഭു ബജറ്റവതരണം ആരംഭിച്ചത്. ഏറ്റവും വെല്ലുവിളി നേരിടുന്ന സമയമാണിത്. ഇന്ത്യയുടെ പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും നട്ടെല്ലായി റെയില്‍വെയെ മാറ്റുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷന്‍ ആണ് ഈ ബജറ്റിന്‍റെ പ്രചോദനം. 2016-17 കാലയളവില്‍ 1.5ലക്ഷം കോടിയുടെ റവന്യൂ ആണ് റെയില്‍വെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്തു ശതമാനം വര്‍ധന. കഴിഞ്ഞ ബജറ്റിനേക്കാള്‍ 8,720 കോടി അധിക വരുമാനം ആണ് ഇതുവഴി കൈവരുകയെന്നും സുരേഷ് പ്രഭു പറഞ്ഞു.
യാത്ര- ചരക്ക് കൂലി കൂട്ടിയില്ല, രണ്ട് പുതിയ എഞ്ചിന്‍ ഫാക്ടറി, കോച്ച് ഫാക്ടറി തുടങ്ങാന്‍ 40000കോടി രൂപ, 1600 കിലോ മീറ്റര്‍ ലൈന്‍ വെദ്യുതീകരണം, 475 ബയോ ടോയ്ലറ്റുകള്‍, സ്ത്രീ സുരക്ഷക്കായുള്ള പദ്ധതികള്‍, എല്ലാ സ്റ്റേഷനിലും സി.സി.ടി.വി, വയോജനങ്ങള്‍ക്ക് ലോവര്‍ ബര്‍ത്ത്, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റിസര്‍വേഷന്‍ ക്വാട്ട 50 ശതമാനമാക്കി, സാധാരണക്കാര്‍ക്കായി ദീര്‍ഘ ദൂര അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് എടുത്തുപറയേണ്ട പ്രഖ്യാപനങ്ങള്‍.
അതേസമയം, പുതിയ ട്രെയിനുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചില്ല എന്നത് പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ ബജറ്റിന്‍റെ തുടര്‍ച്ച മാത്രമാണ് ഈ ബജറ്റ് എന്നും പുതിയ ട്രെയ്ന്‍ ഇല്ലാത്തത് കേരളത്തിലെ യാത്രക്കാരെ നിരാശപ്പെടുത്തിയെന്നും ബജറ്റിനോടുള്ള പ്രതികരണങ്ങളില്‍ പ്രധാനമാണ്.
കേരളത്തിന് കനപ്പെട്ട പ്രഖ്യാപനങ്ങളില്ല, ആവശ്യങ്ങള്‍ പരിഗണിച്ചതുമില്ല
സംസ്ഥാനത്തിന് കനപ്പെട്ട പ്രഖ്യാപനങ്ങളില്ലാതെയും കാലങ്ങളായുള്ള ആവശ്യങ്ങളോട് മൗനം പാലിച്ചും റെയില്‍വേ ബജറ്റ്. ചെങ്ങന്നൂര്‍-തിരുവനന്തപുരം സബര്‍ബന്‍ സര്‍വിസിന് വഴിതുറന്നതും ചെങ്ങന്നൂര്‍ സ്റ്റേഷന്‍െറ നവീകരണവും പാത ഇരട്ടിപ്പിക്കലിന് എങ്ങും തികയാത്ത വകയിരുത്തലും മാത്രമാണ് സംസ്ഥാനത്തിന് ആകെ കിട്ടിയത്. ഇതില്‍ സബര്‍ബന്‍ സര്‍വിസ് കേരളവും റെയില്‍വേയും സംയുക്തമായി നടപ്പാക്കാനുദ്ദേശിക്കുന്നതും ചെലവ് പങ്കിടുന്നതുമായ സംരംഭവും.
പാത ഇരട്ടിപ്പിക്കലിന് പ്രഖ്യാപിച്ച തുകയില്‍ നല്ളൊരു ശതമാനവും ബജറ്റിനുപുറമേനിന്ന് കണ്ടെത്തേണ്ട ബജറ്റിതര വിഭവ സ്രോതസ്സ് വ്യവസ്ഥയിലാണ് (എക്സ്ട്രാ ബജറ്ററി റിസോഴ്സസ്-ഇ.ബി.ആര്‍). ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. കോട്ടയം സെക്ടറിലെ പാത ഇരട്ടിപ്പിക്കലിന് 12 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. 33 കി.മീറ്റര്‍ പരിധിയുള്ള ഈ ലൈനില്‍ 292 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ശേഷിക്കുന്ന തുക ഇ.ബി.ആര്‍ വ്യവസ്ഥയില്‍ കണ്ടത്തെണമെന്നാണ് നിര്‍ദേശം.
ആലപ്പുഴ സെക്ടറില്‍ 245 കോടി ഇരട്ടിപ്പിക്കലിന് വേണമെന്ന് വ്യക്തമാക്കുമ്പോഴും 105 കോടി രൂപയേ വകയിരുത്തിയിട്ടുള്ളൂ. ശേഷിക്കുന്ന തുക വേറേ സമാഹരിക്കണം. 66 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാതയുടെ വൈദ്യുതീകരണത്തിന് 34.4 കോടിയും കൊല്ലം-പുനലൂര്‍ ലൈനിന് 33 കോടിയും സംയുക്തസംരംഭമെന്ന നിലയില്‍ പ്രഖ്യാപിച്ചതാണ് നേരിയ ആശ്വാസം. ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും പുതിയ പാതകള്‍ക്കും മാത്രമായി 602 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ലഭിച്ചതാകട്ടെ 184.4 കോടിയും. 1041 കോടി രൂപയാണ് 2016-2017 വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ കേരളത്തിനുള്ള നീക്കിയിരിപ്പ്. ഇത് കഴിഞ്ഞ ബജറ്റ് വിഹിതത്തെക്കാള്‍ 57 കോടി കുറവുമാണ്.
2500 കിലോമീറ്റര്‍ പുതിയ പാത പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 677 ഡിവിഷനുകള്‍ക്കായി വീതംവെക്കുമ്പോള്‍ കേരളത്തിന് ലഭിക്കുക 30 കിലോമീറ്ററാണ്. ഇതില്‍ തിരുവനന്തപുരം ഡിവിഷന് 11 കിലോമീറ്ററും. മുളന്തുരുത്തി-പിറവംറോഡ് പാത നിര്‍മാണം നടക്കുന്നതിനാല്‍ ഈ 11 കിലോമീറ്റര്‍ അതില്‍ ഉള്‍പ്പെടുകയും അധികആനുകൂല്യം ഫലത്തില്‍ നഷ്ടപ്പെടുകയും ചെയ്യും.
കൊച്ചുവേളി സ്റ്റേഷന്‍െറ നവീകരണത്തിന് ഒരുകോടി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, നടപ്പ് സാമ്പത്തികവര്‍ഷത്തെയടക്കം പൂര്‍ത്തിയായ പ്രവൃത്തികള്‍ക്കുള്ള ബില്ല് മാറാന്‍തന്നെ ഇത്രയധികം തുക വേണ്ടിവരും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുകയൊന്നുമില്ല. 201 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡിണ്ടിഗല്‍-ശബരിമല പാതയുടെ സര്‍വേക്ക് പുറമേ, 23 കിലോമീറ്റര്‍ കണ്ണൂര്‍-മട്ടന്നൂര്‍, 236 കിലോമീറ്റര്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാതകളും ബജറ്റ് പരിഗണിച്ചിട്ടുണ്ട്.
സര്‍വേക്ക് 30 ലക്ഷവും, കണ്ണൂര്‍-മട്ടന്നൂര്‍ പാതക്ക് 400 കോടിയും നഞ്ചന്‍കോട് പാതക്ക് 6000 കോടിയും ചെലവ് പ്രതീക്ഷിക്കുമ്പോള്‍ ഈ തുകയെല്ലാം ബജറ്റിതര സ്രോതസ്സില്‍ നിന്ന് കണ്ടത്തെണമെന്നാണ് വിശദീകരണം. ശബരിപാതക്ക് 40 കോടിയും പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റത്തിന് 101 കോടിയും 12 റെയില്‍വേ മേല്‍പാലങ്ങളും 17 റെയില്‍വേ അടിപ്പാതകളും അനുവദിച്ചിട്ടുണ്ടെന്നത് അല്‍പം ആശ്വാസം പകരുന്നു.
പതിവുപോലെ പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ബജറ്റില്‍ ഒന്നും നീക്കിവെച്ചിട്ടില്ല. അങ്കമാലി-ശബരി റെയില്‍പാതയുടെ 50 ശതമാനം ചെലവ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറായിട്ടും 20 കോടി മാത്രമാണ് റെയില്‍വേ വിഹിതം. 221 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോഴിക്കോട് മംഗലാപുരം പാത ഗേജ്മാറ്റ ജോലികള്‍ക്കു രണ്ടുകോടിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
