15കാരിയെ ബലാൽസംഗം ചെയ്ത എം.എൽ.ക്കെതിരെ ഒരു ഗ്രാമം ഒറ്റക്കെട്ടായി പോരാടുന്നു
text_fieldsപറ്റ്ന: ബിഹാറിലെ സുൽത്താൻപൂർ ഗ്രാമം ലോകത്തിന് മുന്നിൽ കാഴ്ച വെക്കുന്നത് പോരാട്ടത്തിന്‍റെ മറ്റൊരു മാതൃകയാണ്. ഗ്രാമവാസികളെല്ലാം ചേർന്ന് തങ്ങൾക്കാവുന്ന തുക സംഭാവന ചെയ്ത് വലിയൊരു ഫണ്ടൊരുക്കാനുള്ള യത്നത്തിലാണ്. നവാഡ എം.എൽ.എ രാജ് ഭല്ല യാദവ് ബലാൽസംഗം ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അച്ഛന് നിയമപോരാട്ടത്തിനായുള്ള പണം കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം.
സഹോദരങ്ങളോടൊപ്പം താമസിക്കുന്ന ബിഹാർഷെരിഫിലെ വീട്ടിൽ നിന്നാണ് സുലേഖ ദേവിയെന്ന സ്ത്രീ ആർ.ജെ.ഡി എം.എൽ.എയുടെ വീട്ടിലേക്ക് ഫെബ്രുവരി ആറിന് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. അവിടെ വെച്ച് പെൺകുട്ടിയെ എം.എൽ.എ രാജ് ഭല്ല ബലാൽസംഗം ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പിറ്റേന്ന് തിരിച്ചയച്ചത്. പെൺകുട്ടി അന്നുതന്നെ മാതാപിതാക്കളോട് ഇതേക്കുറിച്ച് പറയുകയും അവർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്തു.
എന്നാൽ, പരാതി ഫയലിൽ സ്വീകരിക്കാൻ പൊലീസ് തയാറായില്ല. ഫെബ്രുവരി 12ന് പറ്റ്ന റേഞ്ച് ഐ.ജി നിർദേശം നൽകിയതിനെ തുടർന്നാണ് പരാതി രജിസ്റ്റർ ചെയ്തത്. അന്നുമുതൽ ഒളിവിലാണ് രാജ് ഭല്ല യാദവ്. പിന്നീടിയാളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എം.എൽ.എയുടെ വീട്ടിലെത്തിച്ച സുലേഖ ദേവി 30,000രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. എം.എൽ.എയെയും വീടും ഫോട്ടോകളിലൂടെ പെൺകുട്ടി തിരിച്ചറിഞ്ഞു. സുലേഖ ദേവിയെ അറസ്റ്റ് ചെയ്യാനും പൊലീസിന് കഴിഞ്ഞിട്ടില്ല.

എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമത്തിൽ വലിയ ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. നിരത്തുകളും നാൽക്കവലകളും ബാനറുകളും പോസ്റ്ററുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. റോഡ് ഉപരോധം നടത്തുന്ന ഗ്രാമീണർ പൊതുജനമധ്യത്തിൽ എം.എൽ.എയെ തൂക്കിലേറ്റണമെന്ന നിലപാടിലാണ്. എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കീഴടങ്ങാനായി കോടതി നിർദേശിച്ച സമയം ശനിയാഴ്ച അവസാനിച്ചെങ്കിലും രാജ് ഭല്ല കീഴടങ്ങിയിട്ടില്ല.
പെൺകുട്ടിയുടെ കുടുംബത്തിന് പൂർണ പിന്തുണയാണ് നാട്ടുകാർ നൽകുന്നത്. വളരെ കഷ്ടപ്പെട്ടാണ് അച്ഛൻ പെൺകുട്ടിയേയും സഹോദരനേയും ബീഹാർ ഷെരീഫിലയച്ച് പഠിപ്പിക്കുന്നതെന്ന് ഗ്രാമവാസി പറഞ്ഞു. ഇത്തരം സംഭവങ്ങൾ മാതാപിതാക്കളുടെ ആത്മവീര്യം കെടുത്തുന്നതായും. പലരും മക്കളുടെ പഠനം അവസാനിപ്പിച്ച് വാടകവീടുകളിൽ നിന്നും വീട്ടിലേക്ക് തിരിച്ച് കൊണ്ടുവന്നതായും നാട്ടുകാർ പറഞ്ഞു.
എന്തു തന്നെയായാലും എം.എൽ.എയെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരുമെന്ന നാട്ടുകാരുടെ നിശ്ചയദാർഢ്യത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പെൺകുട്ടിയും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
