തടസ്സപ്പെടുത്തലല്ല, ചർച്ചകളും സംവാദവുമാണ് ജനാധിപത്യത്തിന്‍റെ കാവൽ -രാഷ്ട്രപതി
text_fieldsന്യൂഡൽഹി: പാർലമെന്‍റ് നടപടികൾ തടസ്സപ്പെടുത്തലല്ല, ചർച്ചകളും സംവാദവുമാണ് ജനാധിപത്യത്തിന്‍റെ കാവലെന്ന് ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ജനപ്രതിനിധികൾ പരസ്പര സഹകരണത്തിന്‍റെ അന്തരീക്ഷത്തിലാവണം ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടതെന്നും അദ്ദേഹം ഒാർമിപ്പിച്ചു. ജനാഭിലാഷമാണ് പാർലമെന്‍റിൽ പ്രതിഫലിക്കേണ്ടതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ദാരിദ്ര്യ നിര്‍മാര്‍ജ്ജനമാണ് സര്‍ക്കാരിന്‍റെ മുഖ്യ അജണ്ട. ഭക്ഷ്യസുരക്ഷക്കും ഭവന നിര്‍മാണത്തിനും മുന്‍ഗണന നല്‍കും. ദരിദ്രര്‍ക്കായി മൂന്ന് ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കും. എല്ലാവര്‍ക്കും വീട് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2022ല്‍ എല്ലാവര്‍ക്കും വീട് എന്നതാണ് ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു.
'സബ്കെ സാത് സബ്കെ വികാസ്' (എല്ലാവരോടൊപ്പം എല്ലാവർക്കും വികസനം) എന്നതാണ് സർക്കാറിന്‍റെ ലക്ഷ്യം. ന്യൂനപക്ഷങ്ങള്‍ക്കായി രണ്ട് പുതിയ പദ്ധതികള്‍ നടപ്പാക്കും. മദ്രസ വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ വികസനത്തിന് പദ്ധതി ആവിഷ്കരിക്കും. ഗ്രാമങ്ങളുടെ വികസനത്തിന് മുന്‍ഗണന നൽകും. നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
ഈ മാസം 25ന് റെയില്‍വെ ബജറ്റും 29ന് പൊതുബജറ്റും അവതരിപ്പിക്കും. ചരക്കു സേവന നികുതി ബില്‍ അടക്കമുള്ള സുപ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസ്സാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജെ.എന്‍.യു പ്രശ്നം, രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങി എല്ലാ വിഷയങ്ങളും പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ്. ജെ.എന്‍.യു വിഷയത്തില്‍ ഇടപെട്ട രാഹുല്‍ ഗാന്ധി രാജ്യദ്രോഹികളെ സഹായിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ സഭയില്‍ ഉന്നയിക്കുമെന്ന സൂചന ഭരണപക്ഷവും നല്‍കി.
പാര്‍ലമെന്‍റ് സമ്മേളനം സുഗമമാക്കാന്‍ നേരത്തേ രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. പ്രസ്തുത യോഗങ്ങളും സര്‍ക്കാറും പ്രതിപക്ഷവും തമ്മില്‍ ധാരണ ഉണ്ടാക്കാന്‍ കഴിയാതെ പിരിയുകയാണുണ്ടായത്. ജി.എസ്.ടി, റിയല്‍ എസ്റ്റേറ്റ് ബില്‍ ഉള്‍പ്പെടെ സുപ്രധാന ബില്ലുകള്‍ സഭയുടെ മുന്നിലുണ്ട്. ജി.എസ്.ടി ബില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടന്നിട്ടില്ല. സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസിന്‍െറ സഹായമില്ലാതെ ജി.എസ്.ടി രാജ്യസഭ കടക്കില്ല. രോഹിത് വെമുല, ജെ.എന്‍.യു തുടങ്ങിയ വിഷയങ്ങള്‍ മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ശ്രമിക്കുക.
പ്രധാനമന്ത്രി നേരിട്ട് മറുപടി പറയണമെന്ന ആവശ്യം ഉയര്‍ത്തി സഭ സ്തംഭിപ്പിക്കാനാണ് സാധ്യത. സമ്മര്‍ദത്തിന് നരേന്ദ്ര മോദി വഴങ്ങാന്‍ തയാറാകാത്ത പക്ഷം സഭാസ്തംഭനം ആവര്‍ത്തിക്കും. കഴിഞ്ഞ രണ്ടു തവണയും അതാണുണ്ടായത്. ജെ.എന്‍.യു പ്രശ്നം ഇപ്പോഴും കത്തുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനത്തിന്‍െറ ചൂടേറിയ വിഷയമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
