ശരീരം രണ്ടായി വേർപ്പെട്ടപ്പോഴും ഹരീഷ് പറഞ്ഞു, എന്‍റെ അവയവങ്ങൾ ദാനം ചെയ്യണം..
text_fieldsബംഗളൂരു: ലോറിയിടിച്ച് ശരീരം രണ്ടായി മുറിഞ്ഞ് നടുറോഡില്‍ക്കിടന്ന് പിടയുന്നതിനിടെ ഹരീഷ് പ്രകടിപ്പിച്ച സാമൂഹ്യപ്രതിബദ്ധത മികച്ച മാതൃകയാകുന്നു. ബംഗളൂരു നെലമംഗല സംസ്ഥാന പാതയില്‍ ബൈക്ക് യാത്രികനായ ഹരീഷ് നഞ്ചപ്പയെ (26) ഇന്നലെ രാവിലെയാണ് ലോറി ഇടിച്ചിട്ടത്. നടുറോഡിലേക്ക് തെറിച്ച് വീണ ഹരീഷിന്‍റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി രണ്ടായി മുറിയുകയായിരുന്നു.
പരിക്കേറ്റ് കിടന്ന ഹരീഷിനെ മറ്റുള്ളവർ സഹായിച്ചെല്ലെന്ന് പരാതിയുണ്ട്. പൊലീസ് വിളിച്ച ആംബുലൻസിലാണ് ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലെത്തിച്ചത്. മരിക്കുമെന്നുറപ്പായ ഹരീഷ് ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് എല്ലാവരോടുമായി പറയുകയായിരുന്നു, തന്‍റെ അവയവങ്ങൾ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന്. എന്നാൽ ചതഞ്ഞരഞ്ഞ ആ ശരീരത്തിൽ നിന്ന് കണ്ണുകള്‍ ഒഴികെ ഒന്നും എടുക്കാന്‍ കഴിയുമായിരുന്നില്ല. ഇത്രയും ഗുരുതരമായി പരിക്കേറ്റ ഒരു മനുഷ്യൻ പ്രകടിപ്പിച്ച ആത്മധൈര്യത്തിൽ ഡോക്ടർമാർ പോലും ആശ്ചര്യം പ്രകടിപ്പിച്ചു.
ബംഗളൂരു വൈറ്റ് ഫീല്‍ഡിലെ എസ്.എസ്.എം.എസ്. സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്നു ഹരീഷ്. പഞ്ചസാരച്ചാക്കുമായി അമിതവേഗതയിൽ വന്ന ലോറി ഹരീഷിന്‍റെ ബൈക്ക് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ഹരീഷിന്‍റെ ആഗ്രഹപ്രകാരം കണ്ണുകള്‍ നാരായണ നേത്രാലയക്ക് കൈമാറി. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാലാണ് കണ്ണുകള്‍ക്ക് പരിക്കേൽക്കാതിരുന്നത്. സംഭവത്തില്‍ ലോറിയുടെ ഡ്രൈവര്‍ വരദരാജയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
