ഹെറാള്‍ഡ് കേസ്: സുബ്രമണ്യം സ്വാമിക്ക് ഹൈകോടതി നോട്ടീസ്
text_fieldsന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമിക്ക് നോട്ടീസ്. ധന, കോര്‍പറേറ്റ് മന്ത്രാലയങ്ങള്‍, ആദായനികുതി വകുപ്പ് എന്നിവയില്‍ നിന്നുള്ള രേഖകള്‍ ഹാജരാക്കുന്നതും വിചാരണകോടതിയിലെ നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറയും യങ് ഇന്ത്യ ലിമിറ്റഡും നല്‍കിയ ഹരജിയിലാണ് കോടതി പ്രതികരണം ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മോത്തിലാല്‍ വോറ, ഓസ്കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോഡ തുടങ്ങിയവര്‍ക്കെതിരെ സ്വാമി നല്‍കിയ പരാതിയിലാണ് ഹൈകോടതി കേസ് എടുത്തിരുന്നത്. കേസില്‍ നഗരവികസന മന്ത്രാലയം, ഡല്‍ഹി വികസന അതോറ്റിറ്റി, രജിസ്ട്രാര്‍ ഓഫ് കമ്പനീസ് എന്നിവയില്‍ നിന്നുള്ള രേഖകള്‍ ഹാജരാക്കണമെന്ന് സ്വാമി നല്‍കിയ അപേക്ഷയും കോടതി അംഗീകരിച്ചിട്ടുണ്ട്.
