ശബരിമലയില്‍ മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശം നല്‍കണം -ശശി തരൂര്‍
text_fieldsന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യത്യസ്തമായി ശശി തരൂരിന്‍റെ പ്രതികരണം. മുഴുവന്‍ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ വിഷയത്തില്‍ പാരമ്പര്യം പിന്തുടരണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. പാര്‍ട്ടിയുടെ നിലപാടിനോട് തനിക്ക് യോജിപ്പില്ളെന്ന് തരൂര്‍ വ്യക്തമാക്കി.
പുരുഷന്‍ ആയാലും സ്ത്രീ ആയാലും ദൈവത്തെ ആരാധിക്കണമെന്ന് തോന്നുമ്പോള്‍ അവര്‍ക്ക് സ്വാതന്ത്ര്യത്തോടെ അത് ചെയ്യാന്‍ കഴിയണം. അത് ആരാധനനാലയത്തിലെ പ്രവേശത്തില്‍ ആണെങ്കിലും. പ്രത്യേക വയസ്സിന്‍റെ അടിസ്ഥാനത്തില്‍ പുരുഷന്‍ എന്നോ സ്ത്രീയെന്നോ ഉള്ള വേര്‍തിരിവ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത് തെറ്റാണെന്നും ഇത് പാര്‍ട്ടി തീരുമാനം അല്ളെന്നും തന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രം ആണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് യംഗ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി വാദം കേട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ആണ് തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗമായ ശശി തരൂരിന്‍റെ പ്രസ്താവന. അയ്യപ്പനെ പ്രതിഷ്ഠിച്ച ശബരിമല ക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശം നിരോധിച്ചിട്ടുണ്ട്. എന്തുകൊണ്ട് സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടാ എന്നും അവരെ വിലക്കാനുള്ള തീരുമാനം എന്തടിസ്ഥാനത്തിലാണ് എന്നും കഴിഞ്ഞ മാസം ഹരജി പരഗണിക്കവെ മൂന്നംഗ പ്രത്യേക ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചിരുന്നു.
നൂറ്റാണ്ടുകളായി ക്ഷേത്രം ആചരിച്ചുപോരുന്നതാണ് ഇതെന്ന വാദത്തിന് തെളിവ് ഹാജരാക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയം മതവുമായി ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മത പുരോഹിതര്‍ ആണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.