സന്നദ്ധ ‘സ്വയം സേവകരെ’ അധ്യാപകരായി നിയോഗിക്കാന്‍ കേന്ദ്ര നീക്കം
text_fieldsന്യൂഡല്‍ഹി: അധ്യാപകക്ഷാമം പരിഹരിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് ‘സ്വയംസേവകരെ’ കടത്തിവിടാന്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് പദ്ധതി. ഡല്‍ഹിയില്‍ തിങ്കളാഴ്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും യോഗത്തിനുശേഷമാണ് സ്കൂളുകളിലേക്ക് സന്നദ്ധസേവകരെ അധ്യാപകരായി നിയോഗിക്കാന്‍ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്.
ആദ്യഘട്ടമായി 18 സംസ്ഥാനങ്ങളിലാണ് നടപ്പാക്കുന്നത്. അധ്യാപക സേവനം ചെയ്യാന്‍ താല്‍പര്യമുള്ള ആര്‍ക്കും കേന്ദ്ര സര്‍ക്കാറിന്‍െറ മൈ ഗവ് പോര്‍ട്ടലുമായി ചേര്‍ന്ന് മന്ത്രാലയം തയാറാക്കിയ മൊബൈല്‍ ഫോണ്‍ ആപ്പ് വഴി സന്നദ്ധത അറിയിക്കാം. ഇവരില്‍നിന്ന് ആളുകളെ തെരഞ്ഞെടുത്ത് ആവശ്യമുള്ള പ്രദേശങ്ങളിലെ സ്കൂളുകളില്‍ നിയോഗിക്കും. സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിന്‍െറ മാനദണ്ഡം തീരുമാനിക്കുക.
സംഘ്പരിവാറിന്‍െറ വിദ്യാഭ്യാസ അജണ്ട പ്രകാരം ചലിക്കുന്ന മന്ത്രാലയത്തിന്‍െറ തീരുമാനം സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് സ്കൂളുകളില്‍ വര്‍ഗീയവത്കരണം നടപ്പാക്കാന്‍ ഉദ്ദേശിച്ചാണ് എന്ന ആശങ്ക ഉയര്‍ന്നു കഴിഞ്ഞു. യോഗ്യത നേടിയ അധ്യാപകര്‍ രാജ്യത്ത് ലഭ്യമാണെന്നിരിക്കെ യോഗ്യതയില്ലാത്തവരെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറുന്നത് ആദിവാസി-ദലിത് പിന്നാക്ക മേഖലകളിലെ കുഞ്ഞുങ്ങളുടെ ഭാവിയില്‍ കാവി വീഴ്ത്തുമെന്ന് ആശങ്കയുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ സന്നദ്ധസേവക അധ്യാപകരെ നിയോഗിക്കാന്‍ സംസ്ഥാന പ്രതിനിധികള്‍ ഐകകണ്ഠ്യേന തീരുമാനിച്ചതായാണ് മന്ത്രാലയം അവകാശപ്പെടുന്നത്. എന്നാല്‍, ഏതാനും മാസം മുമ്പ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംഘ്പരിവാര്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ച നിര്‍ദേശമാണിത്.
അധ്യാപകര്‍ ഇല്ലാത്ത അവസ്ഥയില്‍ പരിശീലനം ലഭിച്ച, അധ്യാപകയോഗ്യത പരീക്ഷ പാസായവരെ വേതനം നല്‍കി നിയോഗിക്കാനാണ് വിദ്യാഭ്യാസ അവകാശ നിയമം നിര്‍ദേശിക്കുന്നത്. അതിനു വിരുദ്ധമായി സന്നദ്ധ പ്രവര്‍ത്തകരെ ചുമതല ഏല്‍പിക്കുന്നത് ആശ്വാസമായ നീക്കമല്ളെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. അനില്‍ സദഗോപാല്‍ അഭിപ്രായപ്പെട്ടു. ആര്‍.എസ്.എസ് പശ്ചാത്തലമുള്ള ആളുകളെ സ്കൂളുകളില്‍ നിയോഗിച്ച് സംഘ്പരിവാറിന്‍െറ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
