ഭീകരക്കേസില്‍പെട്ട 10 പേരെ രക്ഷിച്ച അഭിഭാഷകന് ആദരം
text_fields
ന്യൂഡല്‍ഹി: ഭീകരപട്ടം ചാര്‍ത്തി ജയിലിലടച്ച 10 നിരപരാധികളെ കേസുകളില്‍നിന്ന് രക്ഷിച്ച ലഖ്നോവിലെ അഭിഭാഷകനെ ഭീകരവേട്ടക്കിരയായ അഅ്സംഗഢുകാര്‍ ആദരിച്ചു. രണ്ടുതവണ ആക്രമണത്തിനിരയായ ലഖ്നോവിലെ അഡ്വ. മുഹമ്മദ് ശുഐബിനെയാണ് അഅ്സംഗഢിലെ സഞ്ചാര്‍പുരില്‍ രിഹായ് മഞ്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഭീകരക്കേസുകളില്‍നിന്ന് രക്ഷപ്പെട്ടവരുടെ കുടുംബങ്ങളും നാട്ടുകാരും ചേര്‍ന്ന് ആദരിച്ചത്.
ജലാലുദ്ദീന്‍ എന്ന ബാബുഭായ്, ശൈഖ് മുഖ്താര്‍ ഹുസൈന്‍, മുഹമ്മദ് അലി അക്ബര്‍ ഹുസൈന്‍, അസീസുര്‍റഹ്മാന്‍, നൂറുല്‍ ഇസ്ലാം, യഅ്ഖൂബ്, നൗഷാദ്, കലീം അക്തര്‍, ഗുല്‍സാര്‍ അഹ്മദ് വാനി, മുഹമ്മദ് ഇഖ്ബാല്‍ എന്നിവരെയാണ് അഡ്വ. മുഹമ്മദ് ശുഐബ് നിയമയുദ്ധത്തിലൂടെ കുറ്റമുക്തരാക്കിയത്. ഇവര്‍ക്ക് പുറമേ താരിഖ് ഖാസ്മി, മുഹമ്മദ് അഖ്തര്‍, സജ്ജാദുര്‍റഹ്മാന്‍, എന്നിവരുടെ കേസുകളിലും മുഹമ്മദ് ശുഐബ് ആയിരുന്നു അഭിഭാഷകന്‍.
നിരപരാധികള്‍ക്കായുള്ള പോരാട്ടം നിരവധി കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് അഡ്വ. ശുഐബ് പറഞ്ഞു. ഈ കേസുകള്‍ ഏറ്റെടുത്തതിന് സഹ അഭിഭാഷകര്‍ രണ്ടു പ്രാവശ്യം കൈയേറ്റം ചെയ്തു. കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ എല്ലാവരും നിരപരാധികളാണെന്നാണ് വിശ്വസിക്കുന്നതെന്നും ശുഐബ് പറഞ്ഞു.
മുഹമ്മദ് സൈഫിന്‍െറയും കാണാതായ ഡോ. ശാനവാസിന്‍െറയും പിതാവ് ശദാബ് അഹ്മദ് അഡ്വ. ശുഐബിന് ഉപഹാരം സമര്‍പ്പിച്ചു. ബട്ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഭീകരക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് സൈഫിന്‍െറ നാടാണ് സഞ്ചാര്‍പുര്‍. അതിനുശേഷം ഭീകരബന്ധം ആരോപിക്കപ്പെട്ട സൈഫിന്‍െറ സഹോദരന്‍ ശാനവാസ്, മുഹമ്മദ് ആരിഫ്, സല്‍മാന്‍ മുഹമ്മദ് സാജിദ്, മുഹമ്മദ് ഖാലിദ്, അബൂ റാശിദ്, മുഹമ്മദ് റാശിദ് എന്നിവരെ സഞ്ചാര്‍പുരില്‍നിന്ന് കാണാതാവുകയും ചെയ്തു. 2008ലെ ബട്ല ഹൗസ് വ്യാജ ഏറ്റുമുട്ടലിനുശേഷമാണ് അഅ്സംഗഢിനെ ഭീകര താവളമാക്കി ചിത്രീകരിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
