പത്മനാഭസ്വാമി ക്ഷേത്രം: മൂലം തിരുനാളിനെ ട്രസ്റ്റി സ്ഥാനത്തുനിന്ന് നീക്കണമെന്ന്
text_fieldsന്യൂഡല്‍ഹി: തിരുവിതാംകൂര്‍ രാജകുടുംബാംഗം മൂലം തിരുനാള്‍ രാമവര്‍മ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റി സ്ഥാനത്ത് തുടരാന്‍ അയോഗ്യനായതിനാല്‍ അദ്ദേഹത്തെ നീക്കണമെന്ന് ക്ഷേത്ര ഭരണസമിതി എക്സിക്യുട്ടീവ് ഓഫിസര്‍ കെ.എന്‍. സതീഷ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ക്ഷേത്ര ട്രസ്റ്റില്‍ അവകാശവാദം ഉന്നയിച്ചതോടെ മൂലം തിരുനാള്‍ ട്രസ്റ്റ് നിയമാവലി പ്രകാരം തന്നെ അയോഗ്യനായെന്ന് സതീഷ് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെയും വാഹനങ്ങളുടെയും അറ്റകുറ്റപ്പണി, ആറ് ആണ്ട് പൂജകള്‍, എക്സിക്യുട്ടീവ് ഓഫിസര്‍ അടക്കമുള്ളവരുടെ ശമ്പളം എന്നിവ നല്‍കാനാണ് മഹാരാജാവ് ആയിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപവത്കരിച്ചതെന്ന് സതീഷ് വ്യക്തമാക്കി. മാനേജിങ് ട്രസ്റ്റിയോ അംഗങ്ങളോ ട്രസ്റ്റില്‍ അവകാശവാദം ഉന്നയിച്ചാല്‍ ട്രസ്റ്റിന്‍െറ നിയമാവലി 24(സി) വകുപ്പ് പ്രകാരം അയോഗ്യരാക്കണം. 2014 സെപ്റ്റംബര്‍ ഒമ്പതിന് അയച്ച കത്തില്‍ പത്മനാഭസ്വാമി സ്വകാര്യ ട്രസ്റ്റണെന്നാണ് മാനേജിങ് ട്രസ്റ്റി അവകാശപ്പെടുന്നത്. ഈ കത്തിന്‍െറ പകര്‍പ്പും സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുണ്ട്. ട്രസ്റ്റിന്‍െറ സാമ്പത്തിക ഇടപാടുകളില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളും അന്വേഷിക്കണം. അതേസമയം, തനിക്കെതിരെ രാജകുടുംബം ഉന്നയിച്ച ആക്ഷേപങ്ങള്‍ സതീഷ് ഖണ്ഡിച്ചു. താന്‍ സ്വന്തം ഇഷ്ടപ്രകാരം നിയമനങ്ങള്‍ നടത്തിയെന്ന രാജകുടുംബത്തിന്‍െറ ആരോപണം തള്ളുകയും ചെയ്തു.
എല്ലാ നിയമനങ്ങള്‍ക്കും ജില്ലാ ജഡ്ജി അധ്യക്ഷയായ ഭരണസമിതിയുടെ അംഗീകാരമുണ്ടായിരുന്നു. വഴിപ്പാട് തുക വര്‍ധിപ്പിച്ചു എന്നതും തെറ്റായ വ്യാഖ്യാനമാണ്. അസംസ്കൃത വസ്തുക്കളുടെ വില ഉയര്‍ന്നതുമൂലം നേരിയ തോതിലാണ് വഴിപാട് തുക വര്‍ധിപ്പിച്ചതെന്നും സതീഷ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
