മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം സുപ്രീംകോടതിയിലേക്ക്
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതിയിലേക്ക്. ശബരിമലയടക്കമുള്ള രാജ്യത്തെ ചില ക്ഷേത്രങ്ങളില്‍ ഹിന്ദു സ്ത്രീകള്‍ക്ക് പ്രവേശം വേണമെന്ന ഹരജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടയിലാണ് പുതിയ നീക്കം. ഹരജി തിങ്കളാഴ്ച സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ കെ.വി. ധനഞ്ജയ് പറഞ്ഞു.
വിശുദ്ധ ഖുര്‍ആനിലെവിടെയും സ്ത്രീ പള്ളിയില്‍ പ്രവേശിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനും വിലക്കുകളില്ളെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയുള്ള ആരാധനാ കര്‍മങ്ങളാണ് ഇസ്ലാം അനുശാസിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രതിഫലമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഹരജി തുടരുന്നു. സ്ത്രീകളുടെ പള്ളിപ്രവേശത്തെയും പ്രാര്‍ഥനയെയും പ്രവാചകന്‍ മുഹമ്മദ് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നാണ് ചരിത്രം കാണിക്കുന്നത്. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ മുസ്ലിം സമൂഹത്തില്‍ തര്‍ക്കമില്ല. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമിടയിലുള്ള വിവേചനം ഖുര്‍ആനിന് വിരുദ്ധമാണെന്നതുകൊണ്ടാണ് മസ്ജിദുല്‍ ഹറാമില്‍ വിലക്കില്ലാത്തതെന്നും ഹരജിയില്‍ ബോധിപ്പിക്കുന്നു.
ഭരണഘടനയുടെ 15ാം അനുച്ഛേദം ലിംഗവിവേചനം തടയുന്നുണ്ടെന്ന് ധനഞ്ജയ് പറഞ്ഞു. സര്‍ക്കാറില്‍നിന്ന് സഹായം സ്വീകരിക്കുന്ന എല്ലാ മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശം വേണമെന്നാണ് ഹരജിയിലെ ആവശ്യം. നികുതിദായകരുടെ പണം വാങ്ങുന്ന മതസ്ഥാപനങ്ങള്‍ ഭരണഘടനാപരമായ വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥമാണ്. സ്ത്രീകള്‍ക്ക് പ്രത്യേകമായി സൗകര്യമൊരുക്കിയ പള്ളികളില്‍ മാത്രമാണ് ഇപ്പോള്‍ അവര്‍ക്ക് പ്രാര്‍ഥന നടത്താനാകുന്നത്. എന്നാല്‍, ഇന്ത്യയിലെ ഭൂരിഭാഗം പള്ളികളിലും ഈ സൗകര്യമില്ല. പ്രത്യേക സൗകര്യമൊരുക്കിയ പള്ളികളില്‍ പോലും സ്ത്രീകള്‍ വരാന്‍ സാമൂഹിക സാഹചര്യം അനുവദിക്കുന്നില്ളെന്നും ധനഞ്ജയ് പറഞ്ഞു.
എന്നാല്‍, മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പ്രവേശം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ച ഭാരതീയ മുസ്ലിം മഹിള ആന്ദോളന്‍ സ്ഥാപക നേതാക്കളിലൊരാളായ സകിയ സോമന്‍ ഇത്തരമൊരു ഹരജിയുടെ സാംഗത്യം ചോദ്യംചെയ്തു. സ്ത്രീകളുടെ പള്ളിപ്രവേശം ഇസ്ലാം അനുവദിക്കുന്നതാണെന്നും ഇന്ത്യയില്‍ അതിന് നിരോധമില്ളെന്നും അവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ 2011 വരെ സ്ത്രീകള്‍ വന്നുകൊണ്ടിരുന്നതാണ്. അതിനു ശേഷമാണ് പെട്ടെന്ന് നിരോധം കൊണ്ടുവന്നത്. അത് ചോദ്യംചെയ്താണ് തങ്ങള്‍ നിയമയുദ്ധം നടത്തുന്നതും 2013ല്‍ ഹരജി ഫയല്‍ ചെയ്തതും. എന്നാല്‍, പള്ളികളുടെ കാര്യത്തില്‍ അത്തരമൊരു സാഹചര്യമുണ്ടായിട്ടില്ളെന്നും സകിയ കൂട്ടിച്ചേര്‍ത്തു. സഹപ്രവര്‍ത്തക നൂര്‍ജഹാന്‍ സഫിയ നിയാസിനൊപ്പമാണ് ദര്‍ഗയില്‍ പ്രവേശം തേടി സകിയ സോമന്‍ കേസ് ഫയല്‍ ചെയ്തത്. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിപ്രവേശത്തിന് വിലക്കില്ളെന്നും ഡല്‍ഹി ജുമാ മസ്ജിദില്‍ മുസ്ലിം സ്ത്രീകളും നമസ്കരിക്കാറുണ്ടെന്നും ശാഹി ഇമാം അഹ്മദ് ബുഖാരി പറഞ്ഞു. പുരുഷാധിപത്യ മനസ്സുള്ള ചിലരാണ് രാജ്യത്തെ ചില പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
