നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനും നോട്ടീസ്
text_fieldsന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കുമുള്‍പ്പെടെ ഡല്‍ഹി ഹൈകോടതി നോട്ടീസയച്ചു. ബാലന്‍സ് ഷീറ്റുള്‍പ്പെടെ രേഖകള്‍ സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസിനും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനും കോടതി നിര്‍ദേശം നല്‍കി. രേഖകള്‍ ആവശ്യപ്പെട്ട് സുബ്രമണ്യന്‍ സ്വാമി എം.പി നല്‍കിയ ഹരജിയിലാണ് നടപടി. നോട്ടീസില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കണം.
ഒക്ടോബര്‍ നാലിന് കേസില്‍ വാദം കേള്‍ക്കും. 2010-11ലെ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കണമെന്ന വിചാരണക്കോടതി വിധി ജൂലൈയില്‍ ഡല്‍ഹി ഹൈകോടതി റദ്ദാക്കിയിരുന്നു. ധന, കോര്‍പറേറ്റ് കാര്യ മന്ത്രാലയങ്ങളില്‍നിന്ന് വിചാരണക്കോടതി രേഖകള്‍ തേടിയിരുന്നു. രേഖകള്‍ക്കായി വീണ്ടും അപേക്ഷിക്കണമെന്ന് കോടതി സുബ്രമണ്യന്‍ സ്വാമിയോടാവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോഡ എന്നിവരും യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും കേസില്‍ പ്രതികളാണ്.
