ശബരിമലയിലെ സ്ത്രീപ്രവേശം : എല്ലാ മതങ്ങള്‍ക്കും ഒരേ അളവുകോല്‍ ബാധകമാക്കാനാകില്ല –ദേവസ്വം ബോര്‍ഡ്
text_fieldsന്യൂഡല്‍ഹി: വൈവിധ്യങ്ങളേറെയുള്ള രാജ്യത്ത് എല്ലാ മതങ്ങള്‍ക്കും ഒരേ അളവുകോല്‍ ബാധകമാക്കാനാകില്ളെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല കേസിന്‍െറ വാദത്തിനിടയിലാണ് ഏക സിവില്‍ കോഡിനെ തത്ത്വത്തില്‍ നിരാകരിക്കുന്ന വാദം ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ നടത്തിയത്. സുപ്രീംകോടതിയിലുള്ളവര്‍ എന്ത് വിശ്വസിക്കുന്നുവെന്നതല്ല, ഭക്തര്‍ എന്തു വിശ്വസിക്കുന്നുവെന്നതാണ് പ്രധാനമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, കുര്യന്‍ ജോസഫ്, ഗോപാല ഗൗഡ എന്നിവര്‍ക്കുമുമ്പാകെ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ വാദിച്ചു.
ഭരണഘടനയുടെ 25 (ബി) അനുച്ഛേദത്തിന്‍െറ അടിസ്ഥാനത്തില്‍ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശം നല്‍കണമെന്ന് വാദിക്കാനാവില്ളെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോര്‍ഡ് ഈ വാദമുന്നയിച്ചത്. സവര്‍ണരും ദലിതുകളും തമ്മിലുള്ള ജാതിപരമായ ഉച്ഛനീചത്വം അവസാനിപ്പിക്കാനുള്ളതാണ് 25 (ബി) അനുച്ഛേദം. ഹിന്ദു ആരാധനാലയങ്ങളിലെ ജാതിവിവേചനമില്ലാതാക്കാനുള്ള ഈ ഭരണഘടനാ അനുച്ഛേദം മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ബാധകമാക്കണമെന്ന് വാദിക്കുന്നത് എപ്രകാരം തെറ്റാണോ അതുപോലെതന്നെയാണ് ജാതിവിവേചനം അവസാനിപ്പിക്കാനുള്ള പ്രസ്തുത അനുച്ഛേദം സ്ത്രീവിവേചനത്തിനെതിരായ അടിസ്ഥാനമായി വ്യാഖ്യാനിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കോ നിരോധമോ ഇല്ളെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. മറിച്ച് സ്ത്രീകളില്‍തന്നെ ചിലര്‍ക്കുള്ള നിയന്ത്രണങ്ങള്‍ മാത്രമാണവിടെ. സൈന്യത്തിലും ആശുപത്രികളിലും ഒക്കെയുള്ള ചില നിയന്ത്രണങ്ങള്‍ പോലെയാണത്. ചില ആശുപത്രികള്‍ സ്ത്രീകളായ നഴ്സുമാരെ മാത്രം വെക്കുമ്പോള്‍ ചിലര്‍ പുരുഷന്മാരെ മാത്രവും വെക്കുന്നുണ്ട്. മനോരോഗാശുപത്രികളിലെല്ലാം പുരുഷ നഴ്സുമാരെ വെക്കുന്നത് രോഗികളുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുമെന്ന് ഭയന്നിട്ടുകൂടിയാണ്. സ്ത്രീക്കും പുരുഷനുമുള്ള സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് ഈ വേര്‍തിരിവ്. അതല്ലാതെ ലിംഗവിവേചനമല്ല. അതേസമയം, ആനയുടെയും പുലിയുടെയുമൊക്കെ ഭീഷണിയുള്ള കാട്ടുപാതയിലൂടെ സ്ത്രീകള്‍ ശബരിമലയിലേക്ക് പോകുന്നത് അപകടകരമാണെന്ന് ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അങ്ങനെയെങ്കില്‍ അവരെ പിടിച്ചുകൊല്ലട്ടെ എന്ന് പ്രതികരിച്ച് ജസ്റ്റിസ് മിശ്ര അത് തമാശയാക്കി തള്ളി.
ഒരു വിഗ്രഹത്തെ നൈഷ്ഠിക ബ്രഹ്മചാരിയാക്കി ശുദ്ധിയുടെ അടിസ്ഥാനത്തില്‍ വ്യത്യാസം കല്‍പിക്കുകയാണോയെന്ന് സുപ്രീംകോടതി ചോദിച്ചപ്പോള്‍ അത് വിശ്വാസകാര്യമാണെന്നും അതേക്കുറിച്ച് പറയാന്‍ താന്‍ ആളല്ളെന്നുമായിരുന്നു ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍െറ പ്രതികരണം. ആര്‍ത്തവമാണോ സ്ത്രീയുടെ വിശുദ്ധി അളക്കാനുള്ള അളവുകോല്‍ എന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചപ്പോള്‍ താന്‍ അങ്ങനെ കരുതുന്നില്ളെന്നായിരുന്നു വേണുഗോപാലിന്‍െറ മറുപടി. ശബരിമലയിലെ സ്ത്രീപ്രവേശം വിലക്കിയ വിധി കേരള ഹൈകോടതി പുറപ്പെടുവിച്ചത് അജ്ഞാതനായ ഒരാളയച്ച കത്ത് പൊതുതാല്‍പര്യ ഹരജിയാക്കി മാറ്റിയാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര ഓര്‍മിപ്പിച്ചു. അതൊരു നിഷേധാത്മക ഹരജിയാണെന്നും ജസ്റ്റിസ് മിശ്ര കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
