രോഹിത് വെമുലയുടെ കുടുംബം ബുദ്ധമതം സ്വീകരിച്ചു
text_fieldsമുംബൈ: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും സഹോദരന്‍ നാഗ ചൈതന്യയും (രാജ) ബുദ്ധമതം സ്വീകരിച്ചു. ദാദറില്‍ നടന്ന അംബേദ്കറുടെ 125ാം ജന്മദിനാഘോഷച്ചടങ്ങിലാണ് ഇരുവരും ‘ദീക്ഷ’ സ്വീകരിച്ചത്. ചടങ്ങില്‍ അംബേദ്കറിന്‍െറ പേരമകന്‍ പ്രകാശ് അംബേദ്കറുമുണ്ടായിരുന്നു. തങ്ങള്‍ ജാതിവ്യവസ്ഥക്കെതിരാണെന്നും അതിനാലാണ് മതം മാറുന്നതെന്നും രാജ വെമുല പറഞ്ഞു. ബുദ്ധമതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന രോഹിതിന്‍െറ ആഗ്രഹംകൂടിയാണ് സാക്ഷാത്കരിക്കുന്നതെന്നും കുടുംബം അറിയിച്ചു. ജനുവരി 17നായിരുന്നു രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് വഴിയൊരുക്കിയ രോഹിതിന്‍െറ ആത്മഹത്യ. രോഹിതടക്കം അഞ്ചു ദലിത് ഗവേഷകവിദ്യാര്‍ഥികളെ സര്‍വകലാശാല ഹോസ്റ്റലില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയില്‍ കലാശിച്ചത്.
