20 വർഷങ്ങളായി പാകിസ്താൻ ജയിലിലായിരുന്ന ഇന്ത്യൻപൗരൻ മരിച്ചു
text_fieldsന്യൂഡൽഹി: 20 വർഷങ്ങളായി പാകിസ്താൻ ജയിലിൽ കഴിയുന്ന ഇന്ത്യൻപൗരനായ കൃപാൽ സിങിനെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ഗുർദാസ്പുർ സ്വദേശിയായ ഇദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെ കോട്ട് ലഖ്പാത് ജയിലിലെ സെല്ലിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ത്യക്കായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 1992ലാണ് ഇദ്ദേഹത്തെ പാകിസ്താൻ പൊലീസ് പിടികൂടിയത്. പഞ്ചാബ് പ്രോവിൻസിൽ നടന്ന ബോംബ് സ്ഫോടന പരമ്പര കേസിൽ പിന്നീട് പ്രതിചേർക്കപ്പെടുകയായിരുന്നു. ഈ കേസിൽ കൃപാൽ സിങിന് പാകിസ്താൻ കോടതി വധശിക്ഷ വിധിച്ചു.
മരണത്തിൽ അസ്വാഭാവികതയില്ലെന്നും നെഞ്ചുവേദനയെ തുടർന്നാണ് മരണം സംഭവിച്ചതെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. ആട്ടോപ്സി പരിശോധനാഫലം ലഭിച്ചതിന് ശേഷമേ മരണകാരണം എന്തെന്ന് വ്യക്തമാക്കാൻ കഴിയൂവെന്നും അധികൃതർ പറഞ്ഞു.
അതേസമയം, ബോംബ് സ്ഫോടനക്കേസിൽ കൃപാലിനെ ലാഹോർ കോടതി കുറ്റവിമുക്തനാക്കിയിരുന്നതായി റിപ്പോർട്ടുണ്ട്. എന്നിട്ടും ഇദ്ദേഹത്തെ മരണശിക്ഷയിൽ നിന്നും ഒഴിവാക്കാതിരുന്നതെന്തുകൊണ്ടെന്ന് വ്യക്തമല്ല.
സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് കൃപാൽ സിങിനുവേണ്ടി കോടതിയിലും മറ്റും പോകാൻ തങ്ങൾക്ക് സാധിക്കാതിരുന്നതെന്ന് സഹോദരി ജാഗിർ കൗർ പറഞ്ഞു. രാഷ്ട്രീയക്കാർ ആരും തങ്ങളെ സഹായിക്കാനെത്തിയില്ലെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
