ശനി ക്ഷേത്രത്തിലേക്ക് സ്ത്രീപ്രവാഹം; ഗ്രാമം ഉത്സവാന്തരീക്ഷത്തില്‍
text_fieldsഅഹ്മദ്നഗര്‍ (മഹാരാഷ്ട്ര): ദര്‍ശനത്തിന് സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കിയ ശിംഘ്നാപുരിലെ ശനി ക്ഷേത്രത്തിലേക്ക് സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളുടെ പ്രവാഹം. സ്ത്രീകള്‍ ശ്രീകോവിലില്‍ പ്രവേശിച്ച് വിഗ്രഹത്തില്‍ എണ്ണയും പാലും അഭിഷേകം നടത്തി. ഹൈകോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചയാണ് ക്ഷേത്രം ട്രസ്റ്റ് സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിച്ചത്.
ഇതേതുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് പുണെ സ്വദേശിനികളായ രണ്ടു സ്ത്രീകള്‍ ശ്രീകോവിലില്‍ കയറി അഭിഷേകം നടത്തിയിരുന്നു. സ്ത്രീവിലക്ക് നീക്കാന്‍ പ്രക്ഷോഭം നയിച്ച ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും ക്ഷേത്രദര്‍ശനം നടത്തി. 400 വര്‍ഷത്തെ വിലക്ക് നീക്കിയതിനെ തുടര്‍ന്ന് ശിംഘ്നാപുര്‍ ഗ്രാമം ഉത്സവാന്തരീക്ഷത്തിലാണ്. ഗ്രാമീണരായ നൂറുകണക്കിന് സ്ത്രീകളാണ് അഭിഷേകത്തിന് എണ്ണയുമായി ശനിയാഴ്ച രാവിലെ മുതല്‍ ക്ഷേത്രത്തിലത്തെിയത്. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഇവരെ സ്വീകരിക്കുകയും ചെയ്തു. ശനി ക്ഷേത്രത്തിലെ വിലക്ക് നീക്കിയതോടെ എല്ലാവരുടെയും ശ്രദ്ധ നാസിക്കിലെ ത്രയംബകേശ്വര്‍, കൊല്‍ഹാപുരിലെ മഹാലക്ഷ്മി ക്ഷേത്രങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇവിടെ സ്ത്രീകള്‍ക്ക് വിലക്കുണ്ട്. വിവേചനം അവസാനിപ്പിച്ച് ഈ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കണമെന്ന് തൃപ്തി ദേശായി ആവശ്യപ്പെട്ടു.
അതേസമയം, സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കിയതില്‍ ഗ്രാമമുഖ്യന്‍ അടക്കമുള്ള ഒരു വിഭാഗം നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്ന് സ്ത്രീപ്രവേശം അനുവദിച്ചതുവഴി ക്ഷേത്രത്തിന്‍െറ പവിത്രത സംരക്ഷിക്കാന്‍ നടപ്പാക്കിയ പാരമ്പര്യം തകര്‍ന്നതായി ശിംഘ്നാപുര്‍ ഗ്രാമമുഖ്യന്‍ ബാല്‍സാഹബ് ബങ്കാര്‍ പറഞ്ഞു. അതിനിടെ, വിലക്ക് നീക്കിയശേഷം ആദ്യമായി ക്ഷേത്രത്തില്‍ പ്രവേശിച്ച ഭൂമാത ബ്രിഗേഡ് പ്രവര്‍ത്തകരായ പ്രിയങ്ക ജഗ്താപും പുഷ്പക് കേവദ്കറും തൃപ്തി ദേശായിയുമായി വേര്‍പിരിഞ്ഞു. തന്നെ മാത്രം കേന്ദ്രീകരിച്ച് പ്രശസ്തി ലക്ഷ്യംവെച്ചുള്ള നീക്കമാണ് തൃപ്തി ദേശായിയുടേതെന്ന് ആരോപിച്ച ഇരുവരും ‘സ്വരാജ് ബ്രിഗേഡ്’ എന്ന പുതിയ സംഘടനക്കും രൂപംനല്‍കി. ക്ഷേത്രത്തില്‍ പ്രവേശം നല്‍കാനുള്ള ട്രസ്റ്റ് തീരുമാനം സ്ത്രീകളുടെ വിജയമാണെന്ന് തൃപ്തി ദേശായി പറഞ്ഞു.
വെള്ളിയാഴ്ച ഒരു സംഘം പുരുഷന്മാര്‍ ശ്രീകോവിലില്‍ ബലം പ്രയോഗിച്ച് കടന്നതിനെ തുടര്‍ന്നാണ് ട്രസ്റ്റ് ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമായതെന്ന് മുംബൈയിലെ പ്രമുഖ അഭിഭാഷകന്‍ ഗണേഷ് സൊവാനി പറഞ്ഞു. ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് യങ് ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ ‘പാരമ്പര്യവും ആചാരവും ലംഘിക്കരുത്’ എന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയാണെങ്കില്‍ മുംബൈ ഹൈകോടതി വിധിയത്തെുടര്‍ന്നുണ്ടായ സാഹചര്യം സങ്കീര്‍ണമാകാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
