വീണ്ടും ശിവസേനയുടെ ഭീഷണി; ഗുലാം അലി പരിപാടി നിര്‍ത്തലാക്കി
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി ഹോട്ടലില്‍ നടത്താനിരുന്ന പ്രശസ്ത പാകിസ്താനി ഗസല്‍ ഗായകന് ഗുലാം അലിയുടെ ഉദ്ഘാടന പരിപാടി ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തലാക്കി. ടെലിവിഷന്‍ അവതാരകന് സുഹൈബ് ഇല്ല്യാസിയുടെ സിനിമ‘ഗര്‍വാപസി’യുടെ സംഗീതത്തിന്‍െറ ഉദ്ഘാടനമാണ് ഭീഷണിയെ തുടര്‍ന്ന് മാറ്റിവെച്ചത്.
ഡല്‍ഹിയിലെ റോയല്‍ പ്ളാസയിലായിരുന്നു പരിപാടി സംഘടിപ്പിക്കാനിരുന്നത്. ശിവസേന നേതാവ് വിഷ്ണു ഗുപ്തയാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്നും ഇതേക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ സുഹൈബ് പറഞ്ഞു. ശിവസേനക്കു പുറമെ ആര്.എസ്.എസിന്‍െറ പോഷകസംഘടനയായ ബജ്റംഗ്ദളും പരിപാടി നടത്തുന്നതിനെതിരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശിവസേനയുടെ പ്രകോപനപരമായ പ്രതിഷേധത്തെ തുടര്‍ന്ന് ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലും കഴിഞ്ഞ ഒക്ടോബറില്‍ ഗുലാം അലിയുടെ പരിപാടികള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ അതിനു ശേഷം കൊല്‍ക്കത്തയിലും ലക്നോവിലും കേരളത്തിലെ രണ്ടു കേന്ദ്രങ്ങളിലും ഗുലാം അലി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.
