ഇഗ്നോ വി.സിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് നിഷേധിച്ചതിനെതിരെ വിവരാവകാശ കമീഷന്‍
text_fieldsന്യൂഡല്‍ഹി: ഭരണനിര്‍വഹണത്തില്‍ ക്രമക്കേടുകളുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റി (ഇഗ്നോ) വൈസ് ചാന്‍സലര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് നിഷേധിച്ച സംഭവത്തില്‍ മാനവശേഷി മന്ത്രാലയത്തിനെതിരെ കേന്ദ്ര വിവരാവകാശ കമീഷന്‍. മന്ത്രാലയത്തിന്‍െറ നിര്‍ബന്ധത്തെ തുടര്‍ന്ന് അവധിയിലുള്ള വൈസ് ചാന്‍സലര്‍ പ്രഫ. മുഹമ്മദ് അസ് ലം രണ്ടു തവണ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ആരോപണങ്ങളുടെ രേഖയോ റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പോ നല്‍കാഞ്ഞത് അനീതിയും അധാര്‍മികവുമാണെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ എം. ശ്രീധര്‍ ആചാര്യുലു വ്യക്തമാക്കി.
തനിക്കെതിരായ ആരോപണം എന്തെന്ന് അറിയാനുള്ള അവകാശംപോലും പ്രഫ. അസ്ലമിന് നിഷേധിക്കപ്പെട്ടത് ശരിയായ നടപടിയല്ല. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാഞ്ഞതിന് ഉയര്‍ന്ന പിഴ ഈടാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനും മന്ത്രാലയത്തിന്‍െറ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറോട് കമീഷന്‍ നിര്‍ദേശിച്ചു. ആരോപണങ്ങളെന്തെന്ന റിപ്പോര്‍ട്ട് ലഭിക്കാത്തതുമൂലം കേസ് വേണ്ടരീതിയില്‍ വാദിക്കാന്‍ വി.സിക്ക് കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തേ ഡല്‍ഹി ഹൈകോടതിയും നിര്‍ദേശിച്ചിരുന്നെങ്കിലും മന്ത്രാലയം അവഗണിക്കുകയായിരുന്നു. നാലു പതിറ്റാണ്ടായി ലോകബാങ്കിലുള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങളിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധനായിരുന്ന പ്രഫ. അസ് ലം പഞ്ചായത്തീരാജ് മേഖലയിലും വിദൂരവിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ്. 2011-2014 കാലയളവില്‍ ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള പരാതികളെ തുടര്‍ന്നാണ് ഗുജറാത്ത് കേന്ദ്രസര്‍വകലാശാല വി.സി സയ്യിദ് ബാരിയെ ഏകാംഗ അന്വേഷണ കമീഷനായി മാനവ വിഭവ ശേഷി മന്ത്രാലയം നിയോഗിച്ചത്. കൃത്യമായ കാരണം നല്‍കാതെ ഇദ്ദേഹത്തോട് അവധിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് തനിക്കെതിരായ ആരോപണങ്ങളെന്താണെന്നും വാഴ്സിറ്റി വിസിറ്ററായ രാഷ്ട്രപതിക്ക് നല്‍കിയ കുറിപ്പിന്‍െറ പകര്‍പ്പും വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ വി.സി അപേക്ഷിച്ചെങ്കിലും നല്‍കാനാവില്ളെന്ന് മന്ത്രാലയം മറുപടി നല്‍കി. വീണ്ടും അപേക്ഷയും അപ്പീലും നല്‍കിയിട്ടും പരിഗണിച്ചില്ല. തുടര്‍ന്നാണ് കേന്ദ്ര വിവരാവകാശ കമീഷനു മുന്നില്‍ പരാതിപ്പെട്ടത്.