ഐ.എസ്.ഐ ബന്ധം: ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബ്ള്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
text_fieldsന്യൂഡല്‍ഹി/കൊല്‍ക്കത്ത: പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടി ചാരവൃത്തി നടത്തിയതിന് അതിര്‍ത്തി രക്ഷാ സേനയിലെ (ബി.എസ്.എഫ്) ഉദ്യോഗസ്ഥനടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. രഹസ്യരേഖകള്‍ ഐ.എസ്.ഐക്ക് കൈമാറിയ ബി.എസ്.എഫ് ഹെഡ്കോണ്‍സ്റ്റബ്ളിനെയും ഐ.എസ്.ഐ ഏജന്‍റിനെയും ഡല്‍ഹി പൊലീസിലെ ക്രൈംബ്രാഞ്ചും മറ്റ് മൂന്നുപേരെ കൊല്‍ക്കത്ത പൊലീസിലെ പ്രത്യേക ദൗത്യസംഘവുമാണ് അറസ്റ്റ് ചെയ്തത്.
ജമ്മു-കശ്മീരിലെ റജൗറി ജില്ലയില്‍ ബി.എസ്.എഫ് ഇന്‍റലിജന്‍റ്സ് വിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് കോണ്‍സ്റ്റബ്ള്‍ അബ്ദുല്‍ റഷീദ്, റജൗറി സ്വദേശിയായ മാസ്റ്റര്‍ രാജന്‍ എന്ന ഖഫൈത്തുല്ല ഖാന്‍ (44) എന്നിവരെ ഡല്‍ഹി ക്രൈംബ്രാഞ്ച് ജമ്മുവിലെ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഖഫൈത്തുല്ല ഖാന്‍ മുഖേനയാണ് അബ്ദുല്‍ റഷീദ് രഹസ്യരേഖകള്‍ കൈമാറിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് ജോയന്‍റ് കമീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു.
ഗാര്‍ഡന്‍ റീച്ച് ഷിപ്ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സ് ലിമിറ്റഡിലെ കരാര്‍ ജീവനക്കാരന്‍ അന്‍സാരി (51), ഇയാളുടെ മകന്‍ അസ്ഫാഖ് അന്‍സാരി (23), ബന്ധു മുഹമ്മദ് ജഹാംഗീര്‍ എന്നിവരാണ് കൊല്‍കത്തയില്‍ അറസ്റ്റിലായത്. നഗരത്തിന്‍െറ ദക്ഷിണ ഭാഗത്തുള്ള ഇഖ്ബാല്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഡോ. സുധീര്‍ ബോസ് റോഡ് പരിസരത്തുനിന്ന് ഞായറാഴ്ച വൈകുന്നേരമാണ് ഇവരെ പിടികൂടിയതെന്ന് പ്രത്യേക ദൗത്യ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി രേഖകള്‍ക്ക് പുറമേ 3.5 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സിയും ഇവരില്‍നിന്ന് കണ്ടെടുത്തു. 10 വര്‍ഷത്തിലേറെയായി ഇര്‍ഷാദും ജഹാംഗീറും പാക് ചാര സംഘടനക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. രാജ്യത്തുനിന്ന് വിവരങ്ങള്‍ ശേഖരിച്ച് പാകിസ്താനിലേക്ക് കൈമാറുകയായിരുന്നു ഇവര്‍. ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു കോളജില്‍ രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥിയായ അസ്ഫാഖിന്‍െറ പങ്ക് ഇനിയും വ്യക്തമായിട്ടില്ല.
നിരവധി തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുള്ള ഇവര്‍ക്ക് ഐ.എസ്.ഐ പരിശീലനവും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഐ.എസ്.ഐ ഏജന്‍െറന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം മീറത്തില്‍ ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യ സംഘം അറസ്റ്റ് ചെയ്ത പാക് പൗരന്‍ മുഹമ്മദ് ഐസാസ് എന്ന മുഹമ്മദ് കലാമുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. കൊല്‍ക്കത്തയില്‍ താമസിക്കാന്‍ തനിക്ക് സൗകര്യമൊരുക്കിയത് ഇവരാണെന്ന് ഐസാസ് യു.പി പൊലീസിന് മൊഴി നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും സൂചനയുണ്ട്.
വാണിജ്യ, യാത്രാക്കപ്പലുകള്‍ നിര്‍മിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന രാജ്യത്തെ പ്രമുഖ കപ്പല്‍നിര്‍മാണ ശാലയാണ് ഗാര്‍ഡന്‍ റീച്ച് ഷിപ്ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സ് ലിമിറ്റഡ്.
അതിനിടെ, ഐസാസിനെ മീറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സഞ്ജയ് സിങ് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വിശദമായ മെഡിക്കല്‍ പരിശോധനക്ക് ശേഷം കനത്ത സുരക്ഷ ഒരുക്കിയാണ് ഐസാസിനെ കോടതിയില്‍ ഹാജരാക്കിയത്. ഐസാസിനെ ചോദ്യം ചെയ്യുന്നതിന് ഏഴു ദിവസത്തേക്ക് വിട്ടുകിട്ടണമെന്ന സദര്‍ ബസാര്‍ പൊലീസിന്‍െറ ഹരജിയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. വിദേശ പൗരനിയമം, ഒൗദ്യോഗിക രഹസ്യ നിയമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഐസാസിനെതിരെ കേസെടുത്തതെന്ന് എ.ടി.എസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അങ്കിത് കുമാര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
