പാര്‍ലമെന്‍റ് കടലാസു രഹിതമാക്കാന്‍ വീണ്ടും പദ്ധതി
text_fieldsന്യൂഡല്‍ഹി: പാര്‍ലമെന്‍റ് കടലാസ് രഹിതമാക്കാനുള്ള ശ്രമങ്ങള്‍ക്ക് വീണ്ടും ജീവന്‍വെച്ചു. ശീതകാല സമ്മേളനം മുതല്‍ മന്ത്രാലയങ്ങളുടെയും വിവിധ പാനലുകളുടെയും റിപ്പോര്‍ട്ടുകള്‍, സ്വകാര്യ ബില്ലുകള്‍, എന്നിവയെല്ലാം തത്സമയം പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയാണ് ആദ്യ പടി.
സമ്മേളനത്തലേന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന്‍െറ റിപ്പോര്‍ട്ട് എല്ലാ പാര്‍ട്ടി ഓഫിസുകളിലേക്കുമാണ് അയച്ചത്. ഡിജിറ്റല്‍ രേഖകള്‍ ഉപയോഗിക്കാന്‍ എം.പിമാര്‍ക്കെല്ലാം പരിശീലനം നല്‍കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാവുന്നതോടെ മേശപ്പുറത്തുനിന്ന് പൂര്‍ണമായും കടലാസുകള്‍ ഒഴിവാക്കപ്പെടും. ഐ പാഡ് വാങ്ങാന്‍ എം.പിമാര്‍ക്ക് പാര്‍ലമെന്‍റ് തുക അനുവദിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യ വഴങ്ങാത്ത എം.പിമാര്‍ക്ക് ആദ്യഘട്ടത്തില്‍ അല്‍പം പ്രയാസമുണ്ടാകുമെങ്കിലും ലക്ഷക്കണക്കിന് കിലോ കടലാസ് ലാഭിക്കാനും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തില്‍ പങ്കുചേരാനും പാര്‍ലമെന്‍റിനു കഴിയും. കടലാസ് രഹിതമാക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളും ശ്രമങ്ങളും ഏതാനും വര്‍ഷം മുമ്പേ തുടങ്ങിയിരുന്നെങ്കിലും നിലച്ചു. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ആശയം വീണ്ടും സജീവമായത്. ഫെബ്രുവരി മുതല്‍ കേന്ദ്ര മന്ത്രിസഭാ യോഗങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്‍റ് രേഖകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിന് നാഷനല്‍ ഇന്‍ഫോമാറ്റിക്സ് സെന്‍റര്‍ തിരക്കിട്ട ശ്രമങ്ങളാണ് നടത്തുന്നത്. ആന്ധ്ര മന്ത്രിസഭ ഇതിനകം കടലാസു രഹിതമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
