ഡൽഹിയിൽ യാത്രക്കാരെ അപായപ്പെടുത്തി സ്വത്തുമായി ഡ്രൈവർ കടന്നുകളഞ്ഞു
text_fieldsന്യൂഡൽഹി: യാത്രക്കാരെ അപായപ്പെടുത്തി അവരുടെ സ്വത്തുമായി ഓട്ടോഡ്രൈവർ കടന്നുകളഞ്ഞതായി ആരോപണം. അപകടത്തിൽ കൊല്ലപ്പെട്ട സോഫ്റ്റ് വെയർ എൻജിനീയർ സുബോധ് ശ്രീവാസ്തവയുടെ ഭാര്യ സുഷമയാണ് പരാതിയുമായി രംഗത്തെത്തിയത്.
സുബോധ് ശ്രീവാസ്തവയും ഭാര്യയും മകനുമടങ്ങുന്ന കുടുംബം വെള്ളിയാഴ്ച രാത്രി ബിഹാറിൽ നിന്ന് മടങ്ങിവരവെയാണ് ഡൽഹി റെയിൽവെ സ്റ്റേഷനിൽ നിന്ന് ഓട്ടോ വിളിച്ചത്. പടിഞ്ഞാറൻ ഡൽഹിയിലെ ഇവരുടെ വീട്ടിലേക്കുള്ള യാത്രക്കിടെ ഡിവൈഡറിൽ തട്ടി ഓട്ടോ റിക്ഷ മറിയുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സുഷമ ഉണർന്നപ്പോൾ ഓട്ടോ ഡ്രൈവർ തങ്ങളുടെ ലഗേജുമായി സ്ഥലംവിടുന്ന കാഴ്ചയാണ് കണ്ടത്. തന്‍റെ അപേക്ഷകളൊന്നും അയാൾ കേൾക്കാൻ തയാറായില്ല എന്നും സുഷമ പറഞ്ഞു.
അപകടത്തിൽ പെട്ട് ഓട്ടോയുടെ അടിവശത്ത് കിടന്നിരുന്ന ഭർത്താവിനെ മാറ്റി തങ്ങളുടെ മൂന്നു ബാഗുകളും ലാപ്ടോപും വണ്ടിയിൽ കയറ്റിവെക്കുന്നത് കണ്ടപ്പോഴും അതിന് ശേഷം തങ്ങളെ അയാൾ ആശുപത്രിയിൽ എത്തിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. രക്തത്തിൽ കുളിച്ച് മരണാസന്നനായി കിടക്കുന്ന ഭർത്താവിനെയും തെല്ലകലെ അബോധാവസ്ഥയിൽ കിടക്കുന്ന മകനെയും ഒന്നു നോക്കിയ ശേഷം അയാൾ വേഗത്തിൽ വണ്ടിയോടിച്ച് പോകുകയായിരുന്നു. ഇപ്പോഴും താനതിന്‍റെ ഷോക്കിൽ നിന്ന് മുക്തയായിട്ടില്ല.
പിറകിൽ വന്ന മിനിട്രക്ക് ഡ്രൈവറോടും സഹായമഭ്യർഥിച്ചെങ്കിലും അയാളും നിർത്താതെ പോവുകയായിരുന്നു. കുറേനേരത്തിന് ശേഷം വന്ന കാറിലുണ്ടായിരുന്ന നാലു യുവാക്കളാണ് പൊലീസിനെ വിവരമറിയിച്ച് തങ്ങളെ ആശുപത്രിയിലാക്കിയത്. പൊലീസ് ഉടൻതന്നെ കുടുംബത്തെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീവാസ്തവയുടെ ജീവൻ രക്ഷിക്കാനായില്ല. മകൻ പ്രിയൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ടുമൂന്നുതവണ ഡ്രൈവറോട് ഭർത്താവ് വേഗം കുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഡിവൈഡറിൽ തട്ടി മറിയുന്നതുവരെ അയാളതിന് തയ്യാറായില്ല എന്നും അപകടം മന:പൂർവം സൃഷ്ടിക്കുകയായിരുന്നു എന്നുമാണ് സുഷമയുടെ വാദം. ട്രക്ക് ഡ്രൈവറും ഓട്ടോഡ്രൈവറുടെ സഹായിയാണെന്ന് സംശയിക്കുന്നതായും സുഷമ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
