ബി.ജെ.പിയുമായി ഉടക്കില്‍; നവ്ജ്യോത് സിങ് സിദ്ദു ആം ആദ്മിയില്‍ ചേര്‍ന്നേക്കും
text_fieldsന്യൂഡല്‍ഹി: ബി.ജെ.പിയുടെ മുന്‍ ലോക്സഭാംഗവും ക്രിക്കറ്ററുമായ നവ്ജ്യോത് സിങ് സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സഖ്യകക്ഷിയായ ശിരോമണി അകാലിദളുമായി ഉടക്കിലായിരുന്ന സിദ്ദുവിന് സിറ്റിങ് സീറ്റായ അമൃത്സറില്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കുകയായിരുന്നു. ഇതോടെ, സിദ്ദുവും ബി.ജെ.പി എം.എല്‍.എയായ ഭാര്യ നൗവ്ജ്യോത് കൗറും പാര്‍ട്ടിയുമായി അകല്‍ച്ചയിലായി.
ആരോഗ്യപ്രശ്നങ്ങളാല്‍ വിശ്രമത്തിലായിരുന്ന സിദ്ദു സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ബി.ജെ.പി ഗൗനിക്കുന്നില്ല. ഈ ഘട്ടത്തിലാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ സിദ്ദു ആലോചിക്കുന്നതെന്നറിയുന്നു. ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്ന പഞ്ചാബ് ഡല്‍ഹിക്കുശേഷം ആം ആദ്മി പാര്‍ട്ടി ഏറ്റവുമധികം പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ്.
ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍തന്നെ നാലു ലോക്സഭാ സീറ്റുകളാണ് പഞ്ചാബ് ‘ആപ്പിന്’ സമ്മാനിച്ചത്. എന്നാല്‍, ഈ എം.പിമാര്‍ ഇപ്പോള്‍ പലതട്ടിലാണ്. നേതാക്കള്‍ക്കിടയില്‍ അനൈക്യം പടരുകയും സിഖുവിരുദ്ധ കലാപത്തിന്‍െറ നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുന്ന അഡ്വ. ഫുല്‍ക്ക ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിടുകയും ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാന നേതാവ് എന്നനിലയില്‍ മുന്നോട്ടുവെക്കാന്‍ മുഖമില്ലാത്ത അവസ്ഥയിലാണ് ‘ആപ്’.
പാര്‍ട്ടി മാറുന്നത് സിദ്ദുവിനും സ്വീകരിക്കുന്നത് ആപ്പിനും ഗുണമാകുമെന്നാണ് വിലയിരുത്തല്‍. യുവാക്കള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും തൊഴിലില്ലായ്മയും ഉയര്‍ത്തിക്കാട്ടി പ്രചാരണം ശക്തമാക്കാന്‍ സിദ്ദുവിന്‍െറ നേതൃത്വം സഹായിക്കുമെന്ന് ആപ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, സിദ്ദുവുമായി ആശയവിനിമയം നടത്തി എന്നവാര്‍ത്ത പഞ്ചാബിലെ ആപ് നേതാക്കള്‍ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
