ക്രൂഡ് ഓയിൽ വില താഴോട്ട്; പെട്രോൾ, ഡീസൽ വില മേലോട്ട്
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബാരലിന് 39.89 ഡോളറാണ് ചൊവ്വാഴ്ചത്തെ വില. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അതേസമയം, ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില മേലോട്ടാണ്. പെട്രോളിന് 36 പൈസയും ഡീസലിന് 87 പൈസയും വർധിപ്പിച്ചത് രണ്ടു ദിവസം മുമ്പാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 115 ഡോളറായിരുന്ന 2014 ആഗസ്റ്റിൽ ഇന്ത്യയിൽ പെട്രോൾ ലിറ്ററിന് 77 രൂപക്കും ഡീസൽ 63 രൂപക്കുമാണ് വിറ്റത്. ഇന്ന് ക്രൂഡ് വില അന്നത്തേതിെൻറ മൂന്നിലൊന്നായി ഇടിഞ്ഞു.
പെട്രോൾ, ഡീസൽ വിലയിൽ കുറഞ്ഞത് കേവലം 16 രൂപക്കടുത്തുമാത്രം. അതായത്, ക്രൂഡ് ഓയിൽ വിലയിടിവിെൻറ ചെറിയൊരു അംശം മാത്രമാണ് ഉപഭോക്താവിന് ലഭിച്ചത്. നികുതി അടിക്കടി കൂട്ടി കേന്ദ്രം വിലക്കുറവിെൻറ നേട്ടം ഖജനാവിലേക്ക് മുതൽക്കൂട്ടാനുള്ള അവസരമാക്കി. വില കൂടുമ്പോൾ കൂടിയ വില, വില കുറയുമ്പോൾ കുറഞ്ഞ വില എന്നായിരുന്നു പെട്രോൾ, ഡീസൽ എന്നിവയുടെ വിലനിയന്ത്രണം എടുത്തുകളയുമ്പോൾ സർക്കാർ നൽകിയ വിശദീകരണം. വില കൂടിയപ്പോഴെല്ലാം അതിെൻറ ഭാരം ഉപഭോക്താവിെൻറ ചുമലിലേക്ക് തള്ളിയ സർക്കാർ പക്ഷേ, വിലയിടിവിെൻറ നേട്ടമത്രയും ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ്. ക്രൂഡ് ഓയിൽ വിലയിടിവ് കേന്ദ്ര ഖജനാവിനും എണ്ണക്കമ്പനികൾക്കും വലിയ ആശ്വാസം പകർന്നുവെന്നാണ് മന്ത്രി അരുൺ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം ദുബൈയിൽ പറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലെ വിലത്തകർച്ചയുടെ ആനുകൂല്യം അതേപടി ഉപഭോക്താക്കൾക്ക് നൽകാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാർ, ഇതുവരെ അഞ്ചു തവണയാണ് പെട്രോളിെൻറയും ഡീസലിെൻറ എക്സൈസ് തീരുവ വർധിപ്പിച്ചത്. ഏറ്റവും ഒടുവിൽ പെട്രോളിന് 1.60 രൂപയും ഡീസലിന് 40 പൈസയുമാണ് നവംബർ ഏഴിന് എക്സൈസ് തീരുവ വർധിപ്പിച്ചത്. ശനിയാഴ്ച നിലവിൽവന്ന വർധനയിലൂടെ മാത്രം കേന്ദ്ര ഖജനാവിലേക്ക് നടപ്പു സാമ്പത്തികവർഷം 3200 കോടി അധികം എത്തും. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ എക്സൈസ് തീരുവ ഇനത്തിൽ കേന്ദ്രം ഒരു ലിറ്റർ പെട്രോളിന് 7.75 രൂപയും ഡീസലിന് 6.50 രൂപയും കൂട്ടി.
ഒരു ലിറ്റർ പെട്രോളിന് 19.06 രൂപയും ഡീസലിന് 10.66 രൂപയുമാണ് നിലവിൽ കേന്ദ്രം ഈടാക്കുന്ന തീരുവ. ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് ഉൽപാദനച്ചെലവ് കേവലം 25 രൂപയിൽ താഴെ മാത്രമാണെന്നാണ് എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. ഒരു ലിറ്റർ പെട്രോളിന് മൂന്നുരൂപയോളം എണ്ണക്കമ്പനികൾ ലാഭമെടുക്കുന്നു. പെട്രോൾ പമ്പുടമകൾക്കുള്ള കമീഷൻ രണ്ടര രൂപ എന്നിവകൂടി ചേർത്താലും 30 രൂപയിൽ താഴെ മാത്രം ചെലവുവരുന്ന പെട്രോളിന് ഉപഭോക്താവ് നൽകുന്നത് 61 രൂപയിലേറെയാണ്.
ഡീസലിനും ഇതുതന്നെയാണ് അവസ്ഥ. ഉൽപാദനച്ചെലവും എണ്ണക്കമ്പനികളുടെ ലാഭവും പമ്പുടമയുടെ കമീഷനും ചേർത്താൽ 27 രൂപ മാത്രം വരുന്ന ഒരു ലിറ്റർ ഡീസൽ ലഭിക്കാൻ 47 രൂപയാണ് ഉപഭോക്താവ് നൽകുന്നത്.
പെട്രോൾ, ഡീസൽ എക്സൈസ് നികുതിയിലൂടെ 99,184 കോടി രൂപയാണ് 2014–15 വർഷം കേന്ദ്രം പിരിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
