ജയലളിതയെ വിമർശിച്ച കലാകാരൻ കോവന് ജാമ്യം
text_fieldsചെന്നൈ: മദ്യനിരോധം നടപ്പാക്കാത്തതിന് മുഖ്യമന്ത്രി ജയലളിതയെ വിമർശിച്ച് പാട്ടുപാടിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട നാടൻപാട്ട് കലാകാരൻ കോവന് (എസ്. ശിവദാസ്–54) കോടതി ജാമ്യം അനുവദിച്ചു. ചെന്നൈ സിറ്റി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എൻ. ആദിനാഥനാണ് ജാമ്യം അനുവദിച്ചത്. 5000 രൂപയും തുല്യ തുകക്ക് രണ്ടുപേരുടെ ഉറപ്പിന്മേലുമാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം.
കലാകാരന്മാരുടെ കൂട്ടായ്മയായ മക്കൾ കലൈ ഇയക്കിയ കഴകം ഭാരവാഹികൂടിയായ കോവൻ സ്വയം രചിച്ച് അവതരിപ്പിച്ച പാട്ടിൽ മുഖ്യമന്ത്രി ജയലളിതക്കെതിരായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഒക്ടോബർ 31ന് പുലർച്ചെ തിരുച്ചിറപ്പള്ളിയിലെ ഒരയ്യൂർ ഗ്രാമത്തിലെ വീട്ടിൽനിന്ന് അറസ്റ്റിലായ കോവനെ ചെന്നൈയിലെ പുഴൽ ജയിലിൽ അടച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച കോവൻ പുറത്തിറങ്ങി. മക്കൾ കലൈ ഇയക്കിയ കഴകം പ്രവർത്തകർ കോവന് സ്വീകരണം നൽകി.
മഴമൂലം സ്വീകരണ പരിപാടികൾ ഒഴിവാക്കി. പിതാവിനെതിരായ അനധികൃത അറസ്റ്റിൽ പ്രതിഷേധിക്കുകയും പിന്തുണക്കുകയും ചെയ്തവർക്ക് മകൻ ചാരുവാഗൻ നന്ദി പറഞ്ഞു. കോവനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി മുൻ ജഡ്ജി മാർകണ്ഡേയ കട്ജു രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. മദ്രാസ് ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു ഉൾപ്പെടെയുള്ള ന്യായാധിപന്മാരും അറസ്റ്റിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
