കോവെൻറ അറസ്റ്റിൽ പ്രതിഷേധം പടരുന്നു
text_fieldsചെന്നൈ: തമിഴ്നാട്ടിൽ സമ്പൂർണ മദ്യനിരോധം ആവശ്യപ്പെട്ട് നാടൻപാട്ട് അവതരിപ്പിച്ച കോവെൻറ അറസ്റ്റിൽ പ്രതിഷേധം പടരുന്നു. ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു അറസ്റ്റെന്ന് മകൻ ചാരുവാഗൻ.
പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയ രാത്രി മറ്റൊരു നാടൻപാട്ടിെൻറ രചനയിലായിരുന്നു കോവൻ. കോടതികളിലെ അധികാര ദുരുപയോഗമായിരുന്നു ഈ പാട്ടിെൻറ കാതൽ.
തിരുച്ചിറപ്പള്ളിയിലെ ഉരൈയൂർ ഗ്രാമത്തിലെ സ്വന്തം വീട്ടിൽനിന്ന് കോവനെ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ചെന്നൈയിൽ നിന്നെത്തിയ കൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനുമുമ്പ് അഭിഭാഷകനെ കാണാനും പൊലീസ് അനുവദിച്ചില്ലെന്ന് തിരുച്ചിറപ്പള്ളി കോടതിയിൽ അഭിഭാഷകനായ ചാരുവാഗൻ പറഞ്ഞു.
‘പിതാവ് കേസും അറസ്റ്റും പ്രതീക്ഷിച്ചിരുന്നു. പുലർച്ചെ രണ്ടിന് വീടിന് ചുറ്റും കാവൽ നിന്ന് പിതാവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി നീതിന്യായ സംവിധാനത്തെ നാണംകെടുത്തി. തെൻറ പിതാവ് വർഷങ്ങളായി സമൂഹത്തിെൻറ മാറ്റത്തിന് പ്രവർത്തിക്കുകയാണ്. കുടുംബമായി ജീവിക്കുന്ന അദ്ദേഹം ഒളിച്ചോടിയിട്ടില്ല. പിന്നെന്തിനാണ് ഇങ്ങനെയൊരു നാടകം പൊലീസ് കളിച്ചത്’ –അദ്ദേഹം ചോദിച്ചു. അതിനിടെ, കോവെൻറ സുഹൃത്ത് സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി മദ്രാസ് ഹൈകോടതി തള്ളി.കോവെൻറ അറസ്റ്റ് സംസ്ഥാനത്ത് വൻ പ്രതിഷേധമുയർത്തിയിരിക്കുകയാണ്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും മനുഷ്യാവകാശ– സാംസ്കാരിക സംഘടനകളും പ്രതിഷേധിച്ചു. കോവൻ അംഗമായ മക്കൾ കലൈ ഇലക്കിയ കഴകം പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. മദ്രാസ് ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു ഉൾപ്പെടെ ന്യായാധിപന്മാരും അറസ്റ്റിൽ വിയോജിപ്പ് രേഖപ്പെടുത്തി.
പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനമെങ്ങും പൊലീസ് ജാഗ്രതയിലാണ്. മാവോവാദി സാന്നിധ്യമുള്ള കേരളത്തിെൻറ അതിർത്തി ജില്ലകളായ തേനി, ദിണ്ഡിഗൽ, തിരുനെൽവേലി, ധർമപുരി, ഈറോഡ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കി. കഴിഞ്ഞദിവസം കോയമ്പത്തൂർ കോടതി പരിസരത്ത് രൂപേഷ് അടക്കമുള്ള മാവോവാദി പ്രവർത്തകർ കോവനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നാടൻപാട്ട് കലാകാരനായ കോവൻ എന്ന എസ്. ശിവദാസ് കലാകാരന്മാരുടെ കൂട്ടായ്മയായ മക്കൾ കലൈ ഇലക്കിയ കഴകത്തിെൻറ ഭാരവാഹിയാണ്. ഇടതു സഹയാത്രികൻ കൂടിയായ കോവെൻറ നേതൃത്വത്തിൽ മദ്യനിരോധത്തിന് തെരുവ് പരിപാടികൾ അവതരിപ്പിച്ചുവരുകയായിരുന്നു.
മദ്യഷാപ്പുകൾ പൂട്ടണമെന്നാവശ്യപ്പെട്ട് കോവൻ സാമൂഹിക മാധ്യമങ്ങളിൽ ഇട്ട ഗാനത്തിൽ ജയലളിതയുടെ ചിത്രവും ഉൾപ്പെടുത്തിയതിനെ തുടർന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ചെന്നൈ പുഴൽ സെൻട്രൽ ജയിലിൽ അടച്ചത്.
സംഭവം വിവാദമായതോടെ കോവെൻറ ഗാനം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മക്കൾ കലൈ ഇലക്കിയ കഴകത്തിെൻറ പ്രവർത്തക കൂടിയായ ഭാര്യ കെ. ജയലക്ഷ്മിയും ഗാനത്തിൽ നൃത്തം ചെയ്യുന്നുണ്ട്. കുംഭകോണം സ്വദേശിയായ കോവൻ തിരുച്ചിറപ്പള്ളിയിലെ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് ഉദ്യോഗസ്ഥനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.