കോൺഗ്രസ് ഇന്ന് രാഷ്ട്രപതിഭവൻ മാർച്ചിന്
text_fieldsന്യൂഡൽഹി: അസഹിഷ്ണുതക്കെതിരായ പ്രതിഷേധത്തിെൻറ ആഴമളന്ന കോൺഗ്രസ് പുതിയ നീക്കങ്ങളിൽ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രപതി പ്രണബ് മുഖർജിയുമായി കൂടിക്കാഴ്ച നടത്തി. അസഹിഷ്ണുതക്കെതിരെ കോൺഗ്രസിെൻറ മുതിർന്ന ഭാരവാഹികളും എം.പിമാരും ചൊവ്വാഴ്ച പാർലമെൻറിൽനിന്ന് രാഷ്ട്രപതിഭവനിലേക്ക് മാർച്ച് നടത്തും.
സാഹിത്യം, കല, ശാസ്ത്രം, സിനിമ മേഖലകളിലെ പ്രമുഖർ പത്മഭൂഷൺ, അക്കാദമി പുരസ്കാരങ്ങൾ ഉപേക്ഷിച്ച് പ്രതിഷേധം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കോൺഗ്രസ് വിഷയം ഏറ്റെടുക്കുന്നത്. 1984ലെ സിഖ് കലാപത്തിന് ഉത്തരവാദികളായ കോൺഗ്രസ് സഹിഷ്ണുതയെക്കുറിച്ച് പ്രസംഗിക്കേണ്ടെന്ന് ബിഹാർ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സോണിയ രാഷ്ട്രപതി ഭവനിൽ എത്തിയത്.
1984ൽ ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിനുശേഷം ഡൽഹിയിൽ സിഖുകാർ കൂട്ടക്കൊല ചെയ്യപ്പെട്ട ദിവസങ്ങൾ ഓർത്തുനോക്കണം. കോൺഗ്രസ് നേതാക്കൾക്കും പാർട്ടിക്കുമെതിരെ ഗുരുതര ആരോപണമുണ്ട്.
ഇന്ന്, നവംബർ രണ്ടിന് സഹിഷ്ണുതയെക്കുറിച്ച് പ്രസംഗിക്കുകയാണ് കോൺഗ്രസ് –ബിഹാറിൽ മോദി നടത്തിയ പരാമർശം ഇതായിരുന്നു. എന്നാൽ, 2002ൽ ഗുജറാത്ത് കലാപത്തിെൻറ സമയത്ത് രാജധർമം മറന്ന നരേന്ദ്ര മോദി, ദാദ്രിയിൽ ഗോമാംസക്കൊല അടക്കം നടന്ന 2015ലും രാജധർമം മറക്കുകയാണെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ തിരിച്ചടിച്ചു. 2002ൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി, മോദിയോട് രാജധർമം ഉപദേശിച്ചത് ഓർമപ്പെടുത്തുകയാണ് ആനന്ദ് ശർമ ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് പാർലമെൻറ് മന്ദിരത്തിനു മുന്നിൽനിന്ന് രാഷ്ട്രപതി ഭവനിലേക്ക് നടത്തുന്ന മാർച്ചിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി, പ്രവർത്തക സമിതി അംഗങ്ങൾ, എ.ഐ.സി.സി ഭാരവാഹികൾ, പാർട്ടി എം.പിമാർ എന്നിവർ പങ്കെടുക്കും. അതേസമയം, തിങ്കളാഴ്ച സോണിയ രാഷ്ട്രപതിയെ കണ്ടതിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നും സ്വകാര്യ സന്ദർശനമാണെന്നും കോൺഗ്രസ് കേന്ദ്രങ്ങൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.