ജയലളിതയുടെ തോഴി കോടികളുടെ തിയറ്റര്‍ കോംപ്ളക്സ് സ്വന്തമാക്കി
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല, മരുമകള്‍ ഇളവരശിയുടെ ബന്ധുക്കളുടെ പേരില്‍ കോടികള്‍ വിലമതിക്കുന്ന മള്‍ട്ടിപ്ളക്സ് തിയറ്റര്‍ കോംപ്ളക്സ് സ്വന്തമാക്കി. ചെന്നൈ വേളാച്ചേരിയിലെ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റി മാളിലെ 11 തിയറ്ററുകളടങ്ങിയ കോംപ്ളക്സാണ് വാങ്ങിയത്.
പ്രമുഖ തിയറ്റര്‍ നടത്തിപ്പ് സ്ഥാപനമായ എസ്.പി.ഐ സിനിമാസിന്‍െറ കെട്ടിടമാണിത്. ഇളവരശിയുടെ അടുത്ത ബന്ധുക്കളായ ശിവകുമാര്‍, കാര്‍ത്തികേയന്‍ എന്നിവരുടെ പേരിലാണ് കെട്ടിടം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരും ശശികലയുടെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസ് കമ്പനിയുടെ സഹ ഉടമകളാണ്. ജയലളിത ബിനാമികളെവെച്ച് നടത്തുന്നെന്ന് ആരോപണമുള്ള മദ്യനിര്‍മാണ കമ്പനിയായ മിഡാസ് ഗോള്‍ഡന്‍ ഡിസ്റ്റിലറീസിന്‍െറ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍കൂടിയാണ് ഇവര്‍. ഈ കമ്പനിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മദ്യഷാപ്പുകളിലേക്ക് മദ്യം വിതരണം ചെയ്യാന്‍ കരാറേറ്റിരിക്കുന്നത്. ചെന്നൈയിലെ മറ്റ് രണ്ട് മള്‍ട്ടിപ്ളക്സ് തിയറ്ററുകള്‍ സ്വന്തമാക്കാന്‍ ശശികലയും കൂട്ടരും ഉടമകളുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം സ്വന്തമാക്കിയ തിയറ്റര്‍ കോംപ്ളക്സും ഭരണസ്വാധീനം വഴി കൈവശപ്പെടുത്തിയതാണ്. അഞ്ചു വര്‍ഷം മുമ്പ് പണിപൂര്‍ത്തീകരിച്ച കെട്ടിടത്തിന് 2013ലാണ് മിക്ക ലൈസന്‍സുകളും കിട്ടുന്നത്. പണിപൂര്‍ത്തീകരിച്ച നാളുകളില്‍ ശശികലയുടെ ജാസ് സിനിമ കമ്പനി കെട്ടിടത്തിന് വില പറഞ്ഞിരുന്നു. എന്നാല്‍, ഉടമകള്‍ കൈമാറ്റത്തിന് തയാറായില്ല. 66 കോടിയുടെ അവിഹിതസ്വത്ത് സമ്പാദനക്കേസില്‍ ജയലളിതക്കൊപ്പം പ്രതികളാണ് തോഴി ശശികല, ശശികലയുടെ മരുമകള്‍ ഇളവരശി എന്നിവര്‍.
തിയറ്റര്‍ കോംപ്ളക്സ് കൈമാറ്റം പുറത്തറിഞ്ഞതോടെ തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തി. ഡി.എം.കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയും പി.എം.കെ, ഡി.എം.ഡി.കെ കക്ഷികളും അഴിമതി ആരോപണം ഉന്നയിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.