തദ്ദേശ തെരഞ്ഞെടുപ്പ് യു.പിയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി
text_fieldsന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കിയ ഉത്തര്‍പ്രദേശില്‍ ജില്ല, ബ്ളോക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദയനീയമായി തകര്‍ന്നടിഞ്ഞു.
2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ സെമിഫൈനല്‍ എന്ന് വിശേഷിപ്പിച്ച തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെയും മുലായം സിങ്ങിന്‍െറയും രാഷ്ട്രീയഭാവിക്ക് ഭീഷണിയുയര്‍ത്തി മായാവതിയുടെ ബി.എസ്.പി വന്‍ തിരിച്ചുവരവ് നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍െറ മണ്ഡലമായ ലഖ്നോവിലുമടക്കം ബി.ജെ.പി പിന്തുണച്ച സ്ഥാനാര്‍ഥികള്‍ പരാജയമേറ്റുവാങ്ങി. ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയും ദുര്‍ബലമായ കോണ്‍ഗ്രസും കനത്ത തോല്‍വി നേരിട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ തൂത്തുവാരിയ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തിന്‍െറ ചുമതലയുള്ള ഓം മാഥൂര്‍ ചൊവ്വാഴ്ച ലഖ്നോവില്‍ പാര്‍ട്ടിയുടെ അടിയന്തര ഉന്നതതല യോഗം വിളിച്ചു. മോദിയുടെ വാരാണസിയില്‍ 58 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ വെറും എട്ട് സീറ്റുകള്‍ മാത്രം ബി.ജെ.പിക്കാരായ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചപ്പോള്‍ രാജ്നാഥിന്‍െറ ലഖ്നോവില്‍ 28 സീറ്റുകളില്‍ നാലെണ്ണം മാത്രമാണ് ലഭിച്ചത്. മോദി മാതൃകാ ഗ്രാമമായി തെരഞ്ഞെടുത്ത വാരാണസിയിലെ ജയാപൂര്‍ ഗ്രാമത്തില്‍ ബി.എസ്.പി പിന്തുണയുള്ള സ്ഥാനാര്‍ഥി ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. മറ്റൊരു കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കല്‍രാജ് മിശ്രയുടെ ദിയോറിയയില്‍ 56 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ ഏഴെണ്ണം മാത്രമേ ബി.ജെ.പിക്ക് ലഭിച്ചുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ സെമിഫൈനല്‍ എന്ന് വിശേഷിപ്പിച്ച് ഉത്തര്‍പ്രദേശില്‍ ഇത്തവണ ആദ്യമായാണ് എല്ലാ ജില്ലാ പഞ്ചായത്തുകളിലേക്കും ക്ഷേത്ര പഞ്ചായത്തുകളിലേക്കും സ്ഥാനാര്‍ഥികളെ ബി.ജെ.പി പരസ്യമായി പ്രഖ്യാപിക്കുന്നത്.
ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെയും മന്ത്രിമാരുടെയും ബന്ധുക്കളടക്കം പരാജയമേറ്റുവാങ്ങി. എസ്.പി മന്ത്രിമാരായ മനോജ് കുമാര്‍ പാണ്ഡെ, എസ്.പി യാദവ് തുടങ്ങിയവരുടെ അടുത്ത ബന്ധുക്കള്‍ പരാജയപ്പെട്ടവരില്‍പെടും.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ തകര്‍ന്നടിഞ്ഞ ബി.എസ്.പി വന്‍ തിരിച്ചുവരവ് നടത്തി.
തങ്ങളെ കൈവിട്ട ശക്തികേന്ദ്രങ്ങളായ ആഗ്ര, അഅ്സംഗഢ്, അംബേദ്കര്‍ നഗര്‍ എന്നീ മേഖലകള്‍ ബി.എസ്.പി തിരിച്ചുപിടിച്ചു. പാര്‍ട്ടി ചിഹ്നങ്ങളില്‍ മത്സരിക്കാന്‍ അനുമതിയില്ലാത്ത ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിന്തുണക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി തലത്തിലാണ് പ്രചാരണങ്ങളെല്ലാം നടത്താറുള്ളത്.
ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിയുടെ മുസ്ലിം മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും ജില്ലാ, ബ്ളോക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.