Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ പാക്...

മോദിയുടെ പാക് സന്ദര്‍ശനം നേരത്തേ തീരുമാനിച്ചത്

text_fields
bookmark_border
മോദിയുടെ പാക് സന്ദര്‍ശനം നേരത്തേ തീരുമാനിച്ചത്
cancel

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാക് സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന് വ്യക്തമായി. നാടകീയത  സൃഷ്ടിക്കാനും വാര്‍ത്താ പ്രാധാന്യം ലഭിക്കാനുമാണത്രേ  സന്ദര്‍ശനം രഹസ്യമാക്കി വെച്ചത്. പാകിസ്താനിലെ പ്രമുഖ പത്രമായ ഡോണ്‍ അടക്കം വിദേശ വാര്‍ത്താ മാധ്യമങ്ങള്‍ സന്ദര്‍ശനം നേരത്തേ തീരുമാനിച്ചതാണെന്ന വിവരങ്ങള്‍  പുറത്തുവിട്ടു. ഒരു വന്‍വ്യവസായി ഇതിനു പിന്നില്‍ ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
 
റഷ്യയില്‍ നിന്നുള്ള മടക്കയാത്രക്കിടയില്‍ ക്രിസ്മസ് ദിനത്തില്‍ കാബൂളില്‍ അഫ്ഗാന്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം  കഴിഞ്ഞ ശേഷം ഇന്ത്യയിലേക്ക് വരുന്ന വഴിയിലാണ് മോദി ലാഹോറില്‍ ഇറങ്ങിയത്. വിമാനത്താവളത്തില്‍ മോദിയെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് സ്വീകരിച്ചു. ഇരുവരും പിന്നീട് ഹെലികോപ്റ്ററില്‍ ശരീഫിൻെറ വസതിയിലേക്ക് പോയി. അവിടെ ശരീഫിൻെറ ജന്മദിനാഘോഷത്തിലും പേരക്കുട്ടിയുടെ വിവാഹ ചടങ്ങിലും പങ്കെടുത്ത ശേഷം രാത്രി ഡല്‍ഹിയിലെത്തി. ലാഹോറില്‍ ഇറങ്ങുമെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തപ്പോഴാണ് അതുവരെ രഹസ്യമാക്കി വെച്ച വിവരം പുറത്തു വന്നത്. മിന്നല്‍ സന്ദര്‍ശനം, അപ്രതീക്ഷിത വരവ് എന്നൊക്കെ തലക്കെട്ടുകള്‍ നല്‍കിയാണ് മാധ്യമങ്ങള്‍ ഇതാഘോഷിച്ചത്. ഇന്ത്യ പാക് മാധ്യമങ്ങള്‍ മാത്രമല്ല, യൂറോപ്യന്‍ മീഡിയയും ഇതിനു വലിയ പ്രാധാന്യം നല്‍കി.

എന്നാല്‍, ഡിസംബര്‍ ആദ്യം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്താൻ സന്ദര്‍ശിച്ചപ്പോള്‍ തീരുമാനിച്ചതാണ് പ്രധാനമന്ത്രിയുടെ വരവ് എന്നാണ് ഇതിനകം പുറത്തു വന്ന  വിവരങ്ങള്‍. ഇന്ത്യയിലെ പാക് ഹൈ കമിഷണര്‍ അബ്ദുല്‍ ബാസിത് കഴിഞ്ഞയാഴ്ച പെട്ടെന്ന് ലാഹോറിലേക്ക് പോയത്  മോദിയുടെ വരവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നുവത്രേ. അവധിക്ക് പോകുകയാണെന്നാണ് ബാസിത് പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തെ തിരക്കിട്ട് വിളിച്ചു വരുത്തുകയായിരുന്നു. ക്രിസ്മസ് ദിവസം ഡല്‍ഹിയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ക്രൈസ്തവ ബിഷപ്പുമാരെയും കര്‍ദിനാള്‍മാരെയും ചായസല്‍ക്കാരത്തിന് ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന സല്‍ക്കാരം  പിന്നീടു കാരണമൊന്നും പറയാതെ  29 ലേക്ക് മാറ്റി.

സ്റ്റീല്‍ മാഗ്‌നറ്റ് എന്നറിയപ്പെടുന്ന  ഇന്ത്യന്‍ വ്യവസായി സജ്ജന്‍ ജിന്‍ഡാലാണ് മോദിയുടെ പാക് സന്ദര്‍ശനത്തിനു ചരട് വലിച്ചതെന്നു വ്യക്തമായ സൂചനകളുണ്ട്. താന്‍ ലാഹോറിലേക്ക് പോകുകയാണെന്ന മോദിയുടെ ട്വീറ്റിനു പിന്നാലെ പാക് പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേരാൻ താന്‍ ലാഹോറില്‍ ഉണ്ടെന്ന് ജിന്‍ഡാല്‍ ട്വീറ്റ് ചെയ്തിരുന്നു.
 


സജ്ജന്‍ ജിന്‍ഡാലും സഹോദരന്‍ നവീന്‍ ജിന്‍ഡാലും നയിക്കുന്ന ബിസിനസ്  ഗ്രൂപ്പിന് ഇന്ത്യ,പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ വ്യവസായ ശാലകളുണ്ട്. ഉരുക്ക്, ഊര്‍ജ മേഖലകളിലാണ് ഇവര്‍ക്ക് വലിയ നിക്ഷേപം ഉള്ളത്.സജ്ജന്‍ ബി.ജെ.പി അനുഭാവിയും നവീന്‍ കോണ്‍ഗ്രസ് അനുഭാവിയുമായാണ് അറിയപ്പെടുന്നത്.  കാഠ്മണ്ഡുവില്‍ സാര്‍ക്ക് ഉച്ചകോടിക്കിടയില്‍ നവാസ് ശരീഫും  നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയതിൻെറ ക്രെഡിറ്റ് സജ്ജന്‍ ജിന്‍ഡാലിന് അവകാശപ്പെട്ടതാണ്. ശരീഫിൻെറ മകൻെറ വ്യവസായ സ്ഥാപനമായ ഇത്തിഫാസ് ഗ്രൂപ്പുമായി ജിന്‍ഡാലിനു ബിസിനസ് ബന്ധമുണ്ട്.
 
ഇരുമ്പയിര് സമൃദ്ധമായുള്ള അഫ്ഗാനിസ്ഥാനിലെ അഫ്ഗാന്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കണ്‍സോര്‍ഷ്യത്തില്‍ 45 ശതമാനം ഓഹരി ജിന്‍ഡാല്‍ ഗ്രൂപ്പിനാണ്. അഫ്ഗാനിലെ ഇരുമ്പയിര് കറാച്ചി വഴി ഇന്ത്യയിലെ സ്റ്റീല്‍ കമ്പനികളില്‍ നേരത്തെ എത്തിച്ചിരുന്നു. നാലു കൊല്ലമായി ഇതു നിലച്ചിരിക്കുകയാണ്. മോദിയും ശരീഫും വിചാരിച്ചാല്‍ ഇതു പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജിന്‍ഡാല്‍ .

കാബൂളില്‍ പാര്‍ലമെൻറ് മന്ദിരം ഉല്‍ഘാടന ചടങ്ങില്‍ പ്രസംഗിക്കവെ അഫ്ഗാന്‍ കണക്ടിവിറ്റിയെ കുറിച്ച് മോദി സൂചിപ്പിച്ചിരുന്നു. ദക്ഷിണ ഏഷ്യക്കും അഫ്ഗാനിസ്ഥാനും ഇടയിലെ പാലമായി പാക്കിസ്ഥാന്‍ മാറണമെന്ന് മോദി പറഞ്ഞു. മോദിയുടെ പാക് സന്ദര്‍ശനത്തിനു പിന്നില്‍ ദേശീയ താല്‍പര്യമല്ല , സ്വകാര്യ ബിസിനസ് താല്പര്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ അന്നു തന്നെ തുറന്നടിച്ചിരുന്നു. കാലേ കൂട്ടി തീരുമാനിച്ച ശേഷം  അതീവ രഹസ്യമാക്കി വെച്ച സന്ദര്‍ശനം എന്നാണ് വിദേശ മാധ്യമങ്ങള്‍ ഇപ്പോള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ശരീഫിൻെറ വസതിയില്‍ പുലര്‍ച്ചെ ആറു മണി മുതല്‍ വിദേശ അതിഥിക്ക് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ലാഹോര്‍ വിമാനത്താവളത്തിലും പരിസരത്തും വലിയ സുരക്ഷയും മോദിക്കും ശരീഫിനും യാത്ര ചെയ്യാന്‍ ഹെലികോപ്ടറും ഒരുക്കി നിര്‍ത്തിയിരുന്നു . പ്രധാനമന്ത്രിയും അദ്ദേഹത്തിൻെറ ഓഫിസും എന്തിനു ഇങ്ങിനെ ഒരു നാടകീയത സൃഷ്ടിച്ചു എന്നു മാത്രമേ ഇനി അറിയാനുള്ളൂ.     

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi pak visit
Next Story