സി.പി.ഐക്ക് നവതി; ഡല്‍ഹിയില്‍ രൂപവത്കരണദിനം ആചരിച്ചു
text_fields
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് (സി.പി.ഐ) 90 വയസ്. ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്യൂണിസ്റ്റ് കൂട്ടായ്മകളും ഇടതുചിന്താഗതിക്കാരും 1925 ഡിസംബര്‍ 26ന് കാണ്‍പുരില്‍ ഒത്തുചേര്‍ന്നാണ് പാര്‍ട്ടിക്ക് രൂപംനല്‍കിയത്. പാര്‍ട്ടി ഭരണഘടനക്ക് അംഗീകാരം നല്‍കിയ ആ യോഗം എസ്.വി. ഘാട്ടെയെ പ്രഥമ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കര്‍ഷകന്‍െറയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തി സാമൂഹികനീതിക്കായി പൊരുതിയ പാര്‍ട്ടിയെ പലവട്ടം നിരോധിച്ചു. ഓള്‍ ഇന്ത്യ വര്‍ക്കേഴ്സ് ആന്‍ഡ് പെസന്‍റ്സ് പാര്‍ട്ടി എന്ന പേരിലായിരുന്നു അക്കാലങ്ങളിലെ പ്രവര്‍ത്തനം.
വിദ്യാര്‍ഥികള്‍ക്കിടയില്‍ എ.ഐ.എസ്.എഫ്, യുവജനപ്രസ്ഥാനമായി എ.ഐ.വൈ.എഫ്, കര്‍ഷകക്കൂട്ടായ്മയായി അഖിലേന്ത്യാ കിസാന്‍സഭ, സാംസ്കാരിക പ്രവര്‍ത്തകര്‍ക്കായി പുരോഗമന സാഹിത്യസംഘം എന്നിവയും 10 വര്‍ഷത്തിനിടയില്‍ കെട്ടിപ്പടുത്തു. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരാണ് കേരളത്തില്‍ സി.പി.ഐക്ക് അടിത്തറയിട്ടത്. പിണറായിലെ പാറപ്രത്താണ് ആദ്യ സമ്മേളനം നടന്നത്. കയ്യൂര്‍, കരിവള്ളൂര്‍, പുന്നപ്ര, വയലാര്‍, അന്തിക്കാട്, ഒഞ്ചിയം വിപ്ളവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സി.പി.ഐ, കേരള രൂപവത്കരണത്തിനുശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ വിജയംവരിച്ച് ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന കീര്‍ത്തിയും നേടി. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തെച്ചൊല്ലിയുണ്ടായ അഭിപ്രായഭിന്നതകള്‍ പാര്‍ട്ടിയില്‍ പിളര്‍പ്പിനും സി.പി.എമ്മിന്‍െറ രൂപവത്കരണത്തിനും വഴിയൊരുക്കി.
റഷ്യയും ഇന്ത്യയും തമ്മിലെ നയതന്ത്രബന്ധങ്ങളിലും സാംസ്കാരിക വിനിമയങ്ങളിലും മികച്ച പങ്കുണ്ടായിരുന്നു പാര്‍ട്ടിക്ക്. ശനിയാഴ്ച ഡല്‍ഹിയില്‍ സംഘടിപ്പിച്ച രൂപവത്കരണ ദിനാചരണത്തില്‍ തൊഴിലാളികളും വനിതകളുമടക്കം നിരവധിപേരാണ് പങ്കെടുത്തത്. സ്വാമി അഗ്നിവേശ്, അമര്‍ജീത് കൗര്‍, സമീം ഫൈസി, ധിരേന്ദ്ര ശര്‍മ, പ്രഫ. ദിനേശ് വര്‍ഷ്നേയ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.