പ്രതിരോധ, ആണവ സഹകരണത്തിന് ഇന്ത്യ–റഷ്യ ധാരണ
text_fieldsമോസ്കോ: രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധ, ആണവരംഗത്തെ സഹകരണത്തിനാണ് ഊന്നല്‍. റഷ്യന്‍ എണ്ണ, വാതക കമ്പനികളുമായുള്ള സഹകരണവും ചര്‍ച്ചയായി. 16ാം വാര്‍ഷിക ഉച്ചകോടിയാണ് ക്രംലിനില്‍ നടന്നത്. കൂടിക്കാഴ്ചയില്‍ ഏറെ തൃപ്തനാണെന്ന് പുടിന്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സുസ്ഥിരമായി മുന്നോട്ടുപോകുന്നതില്‍ സന്തോഷമുണ്ട്. അന്തര്‍ദേശീയ രാഷ്ട്രീയം, സാമ്പത്തികം, മാനവികത തുടങ്ങിയ എല്ലാ രംഗങ്ങളിലും ഉഭയകക്ഷി ബന്ധം വികസിക്കുകയാണെന്നും പുടിനെ ഉദ്ധരിച്ച് ടി.എ.എസ്.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനുള്ള വഴികളും ചര്‍ച്ചയില്‍ ആരാഞ്ഞു. സാമ്പത്തിക സഹകരണം 10 ദശലക്ഷം ഡോളറില്‍നിന്ന് അടുത്ത 10 വര്‍ഷത്തേക്ക് 30 ദശലക്ഷം ഡോളറാക്കി ഉയര്‍ത്താനുള്ള സാധ്യതയാണ് ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തത്. ഇന്ത്യയുമായി സാമ്പത്തിക സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണ്. പാശ്ചാത്യ ഉപരോധത്തെ തുടര്‍ന്ന് മന്ദഗതിയിലായ റഷ്യന്‍ സമ്പദ്രംഗം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് റഷ്യന്‍ ഗവണ്‍മെന്‍റ്. യൂറോപ്യന്‍ സാമ്പത്തിക മേഖലയുമായി സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇതിനായി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്‍െറ വിശദാംശങ്ങള്‍ ഇന്ത്യ റഷ്യയുമായി പങ്കുവെച്ചു.
കമോവ് 226 ടി ഹെലികോപ്ടറിന്‍െറ സംയുക്ത നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചയും നടന്നു. കഴിഞ്ഞയാഴ്ച 40,000 കോടിയുടെ എസ്400 ട്രയംഫ് മിസൈലുകള്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം റഷ്യയില്‍നിന്ന് വാങ്ങിയിരുന്നു. ഇന്ത്യയുമായുള്ള ആയുധമിടപാടില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യമാണ് റഷ്യ. കൂടങ്കുളം ആണവനിലയത്തിന്‍െറ രണ്ടു യൂനിറ്റുകള്‍ തുടങ്ങാന്‍ പുതിയ സ്ഥലങ്ങള്‍ ഇന്ത്യ റഷ്യക്ക് വാഗ്ദാനം ചെയ്തേക്കും. ആന്ധ്രപ്രദേശിലാണ് ഇന്ത്യ സ്ഥലം നല്‍കുക. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ടാകും പുതിയ രണ്ടു യൂനിറ്റുകള്‍ സ്ഥാപിക്കുക.
നേരത്തേ രണ്ടാം ലോക യുദ്ധത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ സ്മാരകത്തില്‍ നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ചു. അലക്സാണ്ടര്‍ ഗാര്‍ഡനിലെ ക്രെംലിന്‍ വാളിലാണ് സ്മാരകം. റഷ്യയുടെ ദുരന്തനിവാരണ വിഭാഗമായ എമര്‍കോമിന്‍െറ ആസ്ഥാനവും മോദി സന്ദര്‍ശിച്ചു. രാജ്യത്തെ അടിയന്തര സന്ദര്‍ഭങ്ങളില്‍ വിവിധ സംവിധാനങ്ങളെ ഒരുമിപ്പിക്കുന്നതാണ് എമര്‍കോമിന്‍െറ ദൗത്യം. പ്രധാനമന്ത്രി അരമണിക്കൂര്‍ ഇവിടെ ചെലവഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
