പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസുമായി സഖ്യകക്ഷി ഉരസല്‍
text_fieldsന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തില്‍ യു.ഡി.എഫ് സഖ്യകക്ഷികളും ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാറിനുമെതിരായ നീക്കത്തില്‍ കൂടിയാലോചന കൂടാതെ ഇരുട്ടില്‍ നിര്‍ത്തിയെന്നാണ് മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി തുടങ്ങിയ സഖ്യകക്ഷികളുടെ കുറ്റപ്പെടുത്തല്‍. സര്‍ക്കാറുമായി പോരടിക്കുമ്പോള്‍ തന്നെ ബില്ലുകള്‍ പാസാക്കുന്നതിലും മറ്റും ബി.ജെ.പിയും കോണ്‍ഗ്രസും എ ടീമും ബി ടീമുമായി ഒത്തുകളിച്ചെന്ന് സി.പി.എം കുറ്റപ്പെടുത്തി.
ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ് കൂടിയാലോചിക്കാതെ മുന്നോട്ടുനീങ്ങുന്നെന്നാണ് ബി.ജെ.പിയിതര പാര്‍ട്ടികള്‍ ആരോപിച്ചത്.
സഭയില്‍ ബഹളമുണ്ടാക്കുകയും ഇറങ്ങിപ്പോക്ക് അടക്കമുള്ള പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍, മുന്‍കൂട്ടി അറിയിക്കാത്തത് ഏകോപനം നഷ്ടപ്പെടുത്തിയെന്ന് യു.ഡി.എഫ് സഖ്യകക്ഷി എം.പിമാര്‍ ഒളിഞ്ഞുംതെളിഞ്ഞും വിമര്‍ശമുന്നയിച്ചു. കോണ്‍ഗ്രസിന്‍െറ സഭാതല ഏകോപനം നടത്തുന്ന നേതാക്കളില്‍ ചിലരോട് പാര്‍ട്ടി എം.പിമാരും പ്രതിഷേധമറിയിച്ചു.
ചരക്കുസേവന നികുതി ബില്ലിന്‍െറ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിളിച്ച് അനുനയ സംഭാഷണം നടത്തിയത് പ്രതിപക്ഷചേരിയില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായും സര്‍ക്കാര്‍ കൂടിയാലോചിക്കണമെന്നും, ഒത്തുകളി പറ്റില്ളെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നടിക്കുകയും ചെയ്തിരുന്നു.
നാഷനല്‍ ഹെറാള്‍ഡ് കേസ് അടക്കമുള്ള വിഷയങ്ങളില്‍ തട്ടി കോണ്‍ഗ്രസുമായുള്ള അനുനയം പാളിയത് ജി.എസ്.ടിയുടെ വഴിമുടക്കി.
എന്നാല്‍ അവസാനദിവസങ്ങളില്‍ ധനവിനിയോഗ ബില്‍ അടക്കം 14 ബില്ലുകള്‍ ലോക്സഭയിലും ഒമ്പതെണ്ണം രാജ്യസഭയിലും പാസാക്കി. ഇതിനായി ബി.ജെ.പിയുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചെന്ന് സി.പി.എം എം.പിമാര്‍ കുറ്റപ്പെടുത്തി.
ബാലനീതി നിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കുമ്പോള്‍ ഇറങ്ങിപ്പോക്ക് നടത്തിയ സീതാറാം യെച്ചൂരി ഈ ആരോപണം ഉന്നയിച്ചിരുന്നു. രാജ്യസഭ അവസാനദിവസം തിരക്കിട്ട് ബില്ലുകള്‍ പാസാക്കുമ്പോള്‍ ഇറങ്ങിപ്പോക്ക് നടത്തിയപ്പോഴും ഈ വികാരമാണ് സി.പി.എമ്മുകാരില്‍ നിറഞ്ഞുനിന്നത്.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ കോണ്‍ഗ്രസ്-ഇടത് പാര്‍ലമെന്‍റ് സഹകരണത്തിന് പ്രായോഗികമായ പ്രയാസം ഇരുകൂട്ടര്‍ക്കുമുണ്ട്. കേരളത്തിന്‍െറ പൊതുആവശ്യങ്ങള്‍ക്കായി യു.ഡി.എഫ്-എല്‍.ഡി.എഫ് എം.പിമാര്‍ യോജിച്ച നിവേദനനീക്കങ്ങളും മറ്റും കാര്യമായി നടത്തിയില്ല.
ദേശീയ വിഷയങ്ങളിലും ബി.ജെ.പി സര്‍ക്കാറിനെതിരെ പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് മുന്‍കൈയെടുത്തില്ളെന്ന് സി.പി.എം വിമര്‍ശിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി തുടങ്ങി മറ്റ് പാര്‍ട്ടികളുമായി ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്തപ്പോള്‍ പോലും ഇടതുമായി കൂടിയാലോചന നടന്നില്ളെന്ന് അവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
