ദാവൂദ് ഇബ്രാഹിമിന്‍റെ കാറിന് ഡൽഹിയിൽ ചിതയൊരുങ്ങുന്നു
text_fieldsന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ ലേലത്തിൽ പിടിച്ച കാറിന് ഇന്ന് ഡൽഹിയിൽ പ്രതീകാത്മക ചിതയൊരുങ്ങുന്നു. ഈ മാസം ആദ്യം മുംബൈയിൽ നിന്ന് കാർ ലേലത്തിൽ പിടിച്ച സ്വാമി ചക്രപാണിയാണ് ഗാസിയാബാദിനടുത്തുള്ള ഇന്ദ്രപുരത്ത് ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയിൽ കത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഓൾ ഇന്ത്യ ഹിന്ദു മഹാസഭയുടെ ദേശീയ പ്രസിഡന്‍റാണെന്ന് അവകാശപ്പെടുന്ന ചക്രപാണി രാം ജന്മഭൂമി കേസിലെ പരാതിക്കാനുമാണ്. ഈ പ്രവൃത്തിയിലൂടെ ദാവൂദും അനുയായികളും ഇന്ത്യയിൽ, പ്രത്യേകിച്ചും മുംബൈയിൽ പ്രചരിപ്പിച്ച ഭീകരവാദത്തിന് അന്ത്യകർമമൊരുക്കുകയാണ് തന്‍റെ സംഘടനയുടെ ലക്ഷ്യമെന്ന് ചക്രപാണി പറഞ്ഞു.
ഈ കാർ ഒരു ആംബുലൻസ് ആക്കി മാറ്റാനായിരുന്നു പദ്ധതി. എന്നാൽ കാർ ലേലത്തിൽ പിടിച്ചതിന് തിക്തഫലം അനുഭവിക്കുമെന്ന് ഡി-കമ്പനി ഭീഷണിപ്പെടുത്തിയതോടെയാണ് ദാവൂദിന്‍റെ അതേ ഭാഷയിൽ തന്നെ തിരിച്ചടി നൽകണമെന്ന് തീരുമാനിച്ചത്. പൊതുജനത്തെ സാക്ഷി നിർത്തിയായിരിക്കും കാറിന് തീ കൊളുത്തുക എന്നും ചക്രപാണി പറഞ്ഞു.
ഡി-കമ്പനിയുടെ ഭീഷണിയുണ്ടെന്ന് പൊലീസിൽ ഇദ്ദേഹം ഡിസംബർ 11ന് പരാതി നൽകിയിരുന്നു. തനിക്ക് ഭയമില്ലെന്നും അതിനാൽ സുരക്ഷയവാശ്യമില്ലെന്നുമുള്ള നിലപാടിലാണ് ചക്രപാണി.
ദാവൂദിന്‍റെ പച്ച ഹുണ്ടായ് ആക്സന്‍റ് കാർ 32,000 രൂപക്കാണ് ഇദ്ദേഹം ഡിസംബർ 9ന് ലേലത്തിൽ പിടിച്ചത്. കേടുവന്ന കാർ, ദിവസങ്ങൾക്ക് മുൻപ് മുംബൈയിൽ നിന്നും ഡൽഹിയിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
