കേസ് കൊടുത്ത് വിരട്ടാൻ ശ്രമിക്കരുത് –ജെയ്റ്റ്ലിയോട് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാറും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും തമ്മിൽ ഉടലെടുത്ത തർക്കം രൂക്ഷമാവുന്നു. കേസും കോടതിയും കാണിച്ച് വിരട്ടാൻ നോക്കരുതെന്നും ഡൽഹി സർക്കാർ പ്രഖ്യാപിച്ച അന്വേഷണവുമായി ജെയ്റ്റ്ലി സഹകരിക്കുകയാണ് വേണ്ടതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹി ക്രിക്കറ്റ് അേസാസിയേഷൻ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനും നാല് ആം ആദ്മി പാർട്ടി നേതാക്കൾക്കുമെതിരെ അരുൺ ജെയ്റ്റ്ലി മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിെൻറ പ്രതികരണം.
മന്ത്രിമാരായ വെങ്കയ്യ നായിഡു, സ്മൃതി ഇറാനി, പിയൂഷ് ഗോയൽ എന്നിവർക്കൊപ്പം പാട്യാല ഹൗസ് കോടതിയിലെത്തിയാണ് ജെയ്റ്റ്ലി കേസ് ഫയൽ ചെയ്തത്. തനിക്കും കുടുംബത്തിനും എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന എ.എ.പി നേതാക്കളിൽ നിന്ന് പത്തുകോടി രൂപ നഷ്ടപരിഹാരം ഇൗടാക്കണമെന്നാണ് ആവശ്യം. ഡി.ഡി.സി.എ യിൽ നിന്നും ഒരു പൈസപോലും അനധികൃതമായി എടുത്തിട്ടില്ലെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി. കേസിൽ ജനുവരി അഞ്ചിന് കോടതി വാദം കേൾക്കും.
കെജ്രിവാളിന് പുറമെ എ.എ.പി നേതാക്കളായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, അശുതോഷ്, ദീപക് ബാജ്പേയ് എന്നിവർക്കെതിരെയാണ് കേസ് നൽകിയിട്ടുള്ളത്.അതേസമയം അഴിമതിയുടെ തെളിവുകൾ പുറത്തുവിട്ട ബി.ജെ.പി എം.പി കീർത്തി ആസാദിനെതിരെ കേസ് നൽകിയിട്ടില്ല. തനിക്കെതിരെ കേസ് കൊടുക്കാൻ അരുൺ ജെയ്റ്റ്ലിയെ വെല്ലുവിളിച്ച് കീർത്തി ആസാദ് രംഗത്തുവന്നിരുന്നു. 2013 വരെയുള്ള 13 വര്‍ഷക്കാലം അരുണ്‍ ജെയ്റ്റ്ലിയായിരുന്നു ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ്. അക്കാലത്തെ അഴിമതി വിവരങ്ങളാണ് കീര്‍ത്തി ആസാദ് ഞായറാഴ്ച പുറത്തുവിട്ടത്.