Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.ഡി.സി.എ അഴിമതി:...

ഡി.ഡി.സി.എ അഴിമതി: കീർത്തി ആസാദ് തെളിവ് പുറത്തുവിട്ടു

text_fields
bookmark_border
ഡി.ഡി.സി.എ അഴിമതി: കീർത്തി ആസാദ് തെളിവ് പുറത്തുവിട്ടു
cancel

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെട്ട ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുടെ തെളിവുകള്‍ ബി.ജെ.പിയുടെ ലോക്സഭാ അംഗവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് പുറത്തുവിട്ടു. ഇല്ലാത്ത കമ്പനികളുടെ പേരില്‍ ചെയ്യാത്ത ജോലികള്‍ക്ക് വ്യാജ ബില്ലുകള്‍ ഹാജരാക്കി കോടികള്‍ തട്ടിയെടുത്തതിന്‍െറ വിവരങ്ങളാണ് പുറത്തുവന്നത്. ജെയ്റ്റ്ലിയെ അപകടത്തിലാക്കുന്ന വിവരങ്ങള്‍ പുറത്തുവിടരുതെന്ന  ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ വിലക്ക് ലംഘിച്ചാണ് കീര്‍ത്തി ആസാദ് വാര്‍ത്താസമ്മേളനം നടത്തിയത്. അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം നേതൃത്വം നല്‍കുന്ന അന്വേഷണ കമീഷനെ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ചു.

ഞായറാഴ്ച ഡല്‍ഹി പ്രസ്ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദിയും കീര്‍ത്തി ആസാദിനൊപ്പമുണ്ടായിരുന്നു.  വ്യാജ കമ്പനികളുടെ പേരിലുള്ള  ബില്ലുകളുടെ പകര്‍പ്പ് ഹാജരാക്കിയ കീര്‍ത്തി ആസാദ്, ബില്ലില്‍ പറയുന്ന വിലാസത്തില്‍ അന്വേഷണം നടത്തി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നില്ളെന്ന് തെളിയിക്കുന്ന വിഡിയോയും പ്രദര്‍ശിപ്പിച്ചു.  2013 വരെയുള്ള 13 വര്‍ഷക്കാലം അരുണ്‍ ജെയ്റ്റ്ലിയായിരുന്നു ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ്. അക്കാലത്തെ അഴിമതി വിവരങ്ങളാണ്  കീര്‍ത്തി ആസാദ് പുറത്തുവിട്ടത്.  അസോസിയേഷന്‍െറ 2011-12  ജനറല്‍ ബോഡി യോഗത്തില്‍ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍  അരുണ്‍ ജെയ്റ്റ്ലിയുമായി നടന്ന തര്‍ക്കത്തിന്‍െറ ഒളികാമറ ദൃശ്യവും വിഡിയോവിലുണ്ട്.  പുറത്തുവിട്ട തെളിവുകള്‍ ജെയ്റ്റ്ലിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവയാണെങ്കിലും ജെയ്റ്റ്ലിക്കെതിരെ നേരിട്ട് എന്തെങ്കിലും ആരോപണം ഉന്നയിക്കാന്‍ കീര്‍ത്തി ആസാദ് തയാറായില്ല.

അരുണ്‍ ജെയ്റ്റ്ലിയിലേക്ക് നീളുന്ന ക്രിക്കറ്റ് അഴിമതി അന്വേഷണത്തിന്‍െറ ഫയലുകള്‍ തിരഞ്ഞാണ് തന്‍െറ ഓഫിസില്‍ സി.ബി.ഐ എത്തിയതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിന് ബലംനല്‍കുന്ന തെളിവുകള്‍ ബി.ജെ.പിയുടെ ലോക്സഭാ അംഗമായ കീര്‍ത്തി ആസാദ് പുറത്തുവിട്ടത് ജെയ്റ്റ്ലിയെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കി.  കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഇക്കാര്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമ്പോള്‍ ഭരണപക്ഷം വിയര്‍ക്കും. നിലവിലില്ലാത്ത 14 കമ്പനികളുടെ പേരില്‍ കോടികള്‍ തട്ടിയെടുത്തുവെന്നാണ് കീര്‍ത്തി ആസാദിന്‍െറ ആരോപണം. എന്തു ജോലി ചെയ്തതിനാണ് പണം നല്‍കുന്നതെന്ന് ബില്ലുകളില്‍ പലതിലും വ്യക്തമല്ല. നാല് കക്കൂസ് നിര്‍മിക്കാന്‍ നാലര കോടി നല്‍കിയെന്നാണ് ഒരു ബില്ലിലുള്ളത്. ഒരു കമ്പ്യൂട്ടറിന്  16,000 രൂപ, ഒരു പ്രിന്‍ററിന് 3000 രൂപ എന്നിങ്ങനെ നിരക്കില്‍ ദിവസവാടകക്ക് എടുത്തുവെന്ന് കാണിച്ച് കോടികള്‍ മുക്കി. പണം ആരുടെയൊക്കെ അക്കൗണ്ടിലേക്കാണ് പോയതെന്ന് അറിയാം. അക്കാര്യം പിന്നാലെ വെളിപ്പെടുത്തുമെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.

ക്രിക്കറ്റിലെ അഴിമതിക്കെതിരെയാണ് പോരാട്ടമെന്നും വ്യക്തിപരമോ രാഷ്ട്രീയമോ  അല്ളെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. ജെയ്റ്റ്ലിക്കെതിരായ വിവരങ്ങള്‍ പുറത്തുവിടുന്നത് അമിത് ഷാ വിലക്കിയിരുന്നോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍െറ മറുപടി ഇതായിരുന്നു: ‘അമിത് വിളിപ്പിച്ച് സുഖമാണോയെന്ന് ചോദിച്ചു. നല്ല സുഖമാണെന്ന് മറുപടിയും നല്‍കി.’ അഴിമതിക്കെതിരെ കടുത്ത നിലപാടുള്ള  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണ് താനെന്ന് ആസാദ് വ്യക്തമാക്കി. അതിനിടെ, ജെയ്റ്റ്ലിക്ക് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ രംഗത്തത്തെിയിട്ടുണ്ട്. ബി.ജെ.പിയും ജെയ്റ്റ്ലിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ആരോപണ വിധേയനായ അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് എ.എ.പി ആവശ്യപ്പെട്ടു.

Show Full Article
TAGS:ddca kirti azad arun jaitley 
Next Story