കേസ് കാണിച്ച് കോൺഗ്രസിനെ പേടിപ്പിക്കണ്ട -സോണിയാ ഗാന്ധി
text_fieldsന്യൂഡല്‍ഹി: കേസ് കാട്ടി കോണ്‍ഗ്രസിനെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാണ് നാഷനൽ ഹെറൾഡ് കേസെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാർ ഏജൻസികളെ കേന്ദ്രസർക്കാർ പകപോക്കലിനായി ദുരുപയോഗം ചെയ്യുകയാണ്. കോൺഗ്രസ് ഇതിനെ ഭയക്കുന്നില്ല. നീതിക്കു മുന്നിൽ എല്ലാവരും തുല്യരാണ് സത്യം പുറത്തെത്തുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കോടതിയോട് ആദരവുണ്ട്. അതുകൊണ്ടാണ് ഹാജരാകാൻ നിർദേശിച്ചപ്പോൾ കോടതിയിൽ നേരിട്ടെത്തിയതെന്നും സോണിയ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. നിയമത്തെ ബഹുമാനിക്കുന്നു. ആരുടെ മുന്നിലും കീഴടങ്ങില്ല. സാധാരണക്കാർക്കു വേണ്ടിയുള്ള കോൺഗ്രസ് സർക്കാരിനെതിരായുള്ള പോരാട്ടങ്ങൾ തുടരും. അതിൽ നിന്നും ഒരിഞ്ച് അടിപോലും പിന്നോട്ട് പോകില്ലെന്നും രാഹുൽ പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യം ലഭിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ആസ്ഥാനതെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇരുവരോടൊപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമുണ്ടായിരുന്നു.ഇരുവരെയും കാണുന്നതിനായി മുതിര്‍ന്ന നേതാക്കളടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘം എ.ഐ.സി.സി ആസ്ഥാനത്തെത്തിയിരുന്നു. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
