മുദ്രാവാക്യം മുഴക്കിയ എം.പിക്ക് പ്രധാനമന്ത്രി വെള്ളം നല്‍കി
text_fields
ന്യൂഡല്‍ഹി: ലോക്സഭയില്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് തൊണ്ടവരണ്ട ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ത് സിങ് മാന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളം നല്‍കി. മോദിക്കെതിരായ കെജ്രിവാളിന്‍െറ പോരാട്ടം ഏറ്റെടുത്ത എം.പിക്ക് മോദി വെള്ളം നല്‍കിയത് ലോക്സഭയിലെ കലഹത്തിനിടയിലെ കൗതുക കാഴ്ചയായി. സ്പീക്കറുടെ ചേംബറിന് മുന്നിലായി മോദിയുടെ ഇരിപ്പിടത്തിന് അടുത്തുനിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്ന ഭഗവന്ത് സിങ് മാന്‍ തൊണ്ട വരണ്ട് വെള്ളം അന്വേഷിക്കുന്നത് കണ്ട മോദി തന്‍െറ മുന്നിലുണ്ടായിരുന്ന ഗ്ളാസ് വെള്ളം എടുത്തു നീട്ടുകയായിരുന്നു. വേഗം അത് സ്വീകരിച്ച ഭഗവന്ത് സിങ് മാന്‍ ദാഹമകറ്റി. ചിരിച്ച് നന്ദി പറഞ്ഞ അദ്ദേഹം പിന്നെയും മോദിക്കെതിരെ മുദ്രാവാക്യം വിളി തുടര്‍ന്നു.
ഈ സമയം സഭയിലുണ്ടായിരുന്നു സോണിയ ഗാന്ധി, മന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ കൗതുകരംഗം ആസ്വദിച്ച് ചിരിക്കുന്നതും കാണാമായിരുന്നു. കെജ്രിവാളിന്‍െറ ഓഫിസില്‍ സി.ബി.ഐ റെയ്ഡ് നടത്തിയതിനെ ചൊല്ലി ആം ആദ്മിയുടെ രണ്ട് എം.പിമാര്‍ നടുത്തളത്തില്‍ ബഹളംവെക്കുമ്പോള്‍ മറ്റൊരു എം.പി ധരംവീര്‍ ഗാന്ധി മറ്റൊരു വിഷയമാണ് ഉന്നയിച്ചത്. ചണ്ഡിഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍െറ പേര് നല്‍കണമെന്ന പ്ളക്കാര്‍ഡുമായാണ് അദ്ദേഹം എത്തിയത്. ധരംവീര്‍ ഗാന്ധിയുടെ നടപടി ആം ആദ്മി പാര്‍ട്ടിയിലെ ഭിന്നത മറനീക്കുന്നതായി. കെജ്രിവാളുമായി ഉടക്കി ആപ്പില്‍നിന്ന് പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവിനോടൊപ്പം നില്‍ക്കുന്ന ധരംവീര്‍ ഗാന്ധി ആപ്പിലെ കെജ്രിവാള്‍ വിരുദ്ധപക്ഷത്തെ നയിക്കുന്ന വിമതനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
