ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായാൽ സ്വകാര്യ വാഹന നിയന്ത്രണം നീക്കും -കെജ് രിവാൾ
text_fieldsന്യൂഡല്‍ഹി: ഒറ്റ-ഇരട്ട അക്ക നമ്പറുകളുള്ള സ്വകാര്യ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം നിരത്തിലിറക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെങ്കില്‍ വേണ്ടെന്നു വെക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനുവരി ഒന്നു മുതല്‍ ഈ വ്യവസ്ഥ ഡല്‍ഹിയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് അപ്രായോഗികമാണെന്ന വിമര്‍ശങ്ങളെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിലപാട് തിരുത്തിയത്. പുതിയ നിര്‍ദേശം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. എന്നാല്‍, പരിമിത കാലത്തേക്ക് പുതിയ പരീക്ഷണം വിജയപ്രദമാക്കാമോ എന്ന് നോക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച പരീക്ഷിച്ചു നോക്കിയിട്ട്, പ്രയോഗികമല്ളെങ്കില്‍ നിര്‍ത്തലാക്കാം. നിരത്തില്‍നിന്ന് പകുതി വണ്ടി കുറക്കാനല്ല, സമ്പന്നര്‍ കൂടുതല്‍ കാറുകള്‍ വാങ്ങുകയും ആശുപത്രിയില്‍ പോകുന്ന അത്യാവശ്യക്കാര്‍ അടക്കം കുടുങ്ങുകയും ചെയ്യുമെന്നാണ് പൊതുവായ വിമര്‍ശം.
എല്ലാ സ്വകാര്യ വാഹനങ്ങളെയും ഒന്നിടവിട്ട ദിവസങ്ങളില്‍ റോഡില്‍ ഇറങ്ങാന്‍ അനുവദിക്കാതിരിക്കുന്നത് പ്രായോഗികമാവില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില ഇളവുകള്‍ വേണ്ടിവരും. വാഹന നിയന്ത്രണത്തിന് ഡല്‍ഹി സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിക്കുകയാണ് ചെയ്തത്. ഡല്‍ഹി ഗ്യാസ് ചേംബറായി മാറിയെന്നതടക്കമുള്ള കോടതി പരാമര്‍ശങ്ങളും വര്‍ധിച്ച അന്തരീക്ഷ മലിനീകരണവുമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണം നിലവിൽ വന്നാൽ വാഹനങ്ങളുടെ ഒറ്റ,ഇരട്ട നമ്പറുകള്‍ തരാതരം നോക്കി മാത്രമേ കാറുകള്‍ റോട്ടിലിറക്കാവൂ. അഥവാ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉള്ള സ്വകാര്യ വാഹനങ്ങള്‍ ഒരു ദിവസവും ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന നമ്പര്‍ ഉള്ള വാഹനങ്ങള്‍ അടുത്ത ദിവസവും എന്ന രീതിയില്‍ മാത്രമേ ഉപയോഗിക്കാവൂ. ജനുവരി ഒന്നു മുതല്‍ ഇത് നിലവില്‍ വരും. എന്നാല്‍, ഇത് പൊതു വാഹനങ്ങള്‍ക്ക് ബാധകമല്ല. ഈ രീതി നിലവില്‍ വരുന്നപക്ഷം ബീജിങ് കഴിഞ്ഞാല്‍ ഇത് പരീക്ഷിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായിരിക്കും ഡല്‍ഹി.
അതീവ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടത്തിലേക്ക് ദേശീയ തലസ്ഥാനത്തിന്‍റെ അന്തരീക്ഷം മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഡല്‍ഹി ഹൈകോടതിയുടെ ഗൗരവമായ നിരീക്ഷണം വന്നതിന് തൊട്ടുടന്‍ ആണ് ഡല്‍ഹി സര്‍ക്കാർ പദ്ധതിയുമായി മുന്നോട്ട് വന്നത്. ഡല്‍ഹി സര്‍ക്കാറിന്‍റെ പരിസ്ഥിതി മന്ത്രാലയം മലിനീകരണം നേരിടുന്നതിന് സമര്‍പിച്ച കര്‍മ പദ്ധതികള്‍ അപര്യാപ്തമാണെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പൊടിപടലങ്ങളും വാഹനങ്ങളില്‍ നിന്നുള്ള പുകയും ആണ് മലിനീകരണത്തിന്‍റെ പ്രധാന കാരണങ്ങളായി കോടതി ചൂണ്ടിക്കാണിച്ചത്. കെട്ടിട നിര്‍മാണത്തിന്‍റെ ആധിക്യത്തെകുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൊതു സ്ഥലത്ത് മാലിന്യവും മറ്റും കത്തിക്കുന്നത് സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്ത്യയിലെ ഏറ്റവും അന്തരീക്ഷ മലിനീകരണം സംഭവിച്ചു കഴിഞ്ഞ നഗരമാണ് ഡല്‍ഹി. ഭൂമിക്കു മുകളിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡല്‍ഹി ആണെന്ന് യു.എന്നും പറഞ്ഞിരുന്നു. തണുപ്പു കാലാവസ്ഥകളില്‍ വന്‍തോതില്‍ പുക ഉയരുന്നത് ഇവിടെ പതിവു കാഴ്ചയാണ്. മെട്രോ റെയില്‍ സര്‍വീസുകള്‍ വന്നിട്ടും ഡല്‍ഹിയിലെ കാറുകളുടെ പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊതു വാഹനങ്ങള്‍ക്കു പുറമെ പ്രതിദിനം 1400 റിലേറെ കാറുകള്‍ ആണ് നഗരത്തില്‍ ഓടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
