റബര്‍ സംസ്കരണ സഹകരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം അനുകൂലം
text_fields
ന്യൂഡല്‍ഹി: കര്‍ഷക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ റബര്‍ സംസ്കരണ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണെന്നും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍. റബര്‍ ബോര്‍ഡ് വൈകാതെ പുന$സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകപ്രശ്നം ഉയര്‍ത്തി റബര്‍ കര്‍ഷക ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെ മന്ത്രിയെ കണ്ട ഏകോപന സമിതി നേതാക്കള്‍ക്കാണ് മന്ത്രി ഈ ഉറപ്പ് നല്‍കിയത്. റബര്‍ കര്‍ഷകര്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്ന സഹകരണ സംഘങ്ങള്‍ സംസ്കരണ യൂനിറ്റുകള്‍ തുടങ്ങിയാല്‍ വിപണിയില്‍ ഇടപെടാനും മെച്ചപ്പെട്ട വില കിട്ടുന്ന സാഹചര്യമുണ്ടാക്കാനും കഴിയുമെന്ന നിര്‍ദേശത്തോട് മന്ത്രി പൂര്‍ണമായി യോജിച്ചെന്ന് സമിതി നേതാക്കള്‍ വിശദീകരിച്ചു.
പി. കൃഷ്ണപ്രസാദ്, ജോയന്‍റ് കണ്‍വീനര്‍ ജിതേന്ദ്ര ചൗധരി, പ്രകാശന്‍ മാസ്റ്റര്‍, ആര്‍. രവി, ഹരിദാസ് ഭട്ട് എന്നിവരാണ് മന്ത്രിയെ കണ്ടത്. നേരത്തേ റബര്‍ കര്‍ഷക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി ചെറുകിട-ഇടത്തരം റബര്‍ കര്‍ഷക ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ച് അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്‍റ് ഹന്നന്‍ മുല്ല ഉദ്ഘാടനംചെയ്തു. കോര്‍പറേറ്റ് അനുകൂല നയങ്ങളുമായി നീങ്ങുന്ന മോദിസര്‍ക്കാര്‍ കര്‍ഷക സംരക്ഷണ നടപടികളില്‍നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിവിധ കാര്‍ഷിക വിളകളെ ആശ്രയിക്കുന്ന കര്‍ഷകര്‍ ജീവിത പ്രാരബ്ധത്തിലേക്ക് എടുത്തെറിയപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. റബര്‍ കര്‍ഷകരുടെ ജീവിതപ്രശ്നം വലിയ സാമ്പത്തിക, തൊഴിലാളി പ്രശ്നമായി പരിണമിച്ചതായി സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡന്‍റ് എ.കെ. പത്മനാഭന്‍ പറഞ്ഞു. ജനുവരി 19ന് കര്‍ഷകസംഘടനകളും പ്രമുഖ ട്രേഡ് യൂനിയനുകളും സംയുക്ത സമരം നടത്താന്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ലോക്സഭ നേതാവ് പി. കരുണാകരന്‍, എം.പിമാരായ പി.കെ. ശ്രീമതി, ജിതേന്ദ്ര ചൗധരി, കെ.എന്‍. ബാലഗോപാല്‍, എ. സമ്പത്ത്, എം.ബി. രാജേഷ്, കെ.കെ. രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.