റബര്‍ വില 100ല്‍ താഴെ; ടയറില്‍ ലാഭം 4600 കോടി
text_fields
ന്യൂഡല്‍ഹി: റബര്‍ വിലത്തകര്‍ച്ചക്കിടയിലും ടയര്‍ വില കുറക്കാത്ത എം.ആര്‍.എഫ് അടക്കം ഇന്ത്യയിലെ 10 വന്‍കിട വ്യവസായികള്‍ നടപ്പുവര്‍ഷം ഉണ്ടാക്കുന്ന ലാഭം 4600 കോടി രൂപയാണെന്ന് റബര്‍ കര്‍ഷക ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിലോഗ്രാമിന് 240ല്‍നിന്ന് 95 രൂപയായി വില തകര്‍ന്നതിനിടയില്‍ കര്‍ഷകര്‍ക്ക് വാര്‍ഷിക നഷ്ടം 5000 കോടി രൂപയാണെന്നും അവര്‍ പറഞ്ഞു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്നു മാസത്തിനിടെ, ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ കമ്പനിയായ എം.ആര്‍.എഫ് ഉണ്ടാക്കിയ ലാഭം 447 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 234 കോടിയായിരുന്നു. ഒറ്റയടിക്ക് 94 ശതമാനം വര്‍ധിച്ചു. അപ്പോളോ ടയേഴ്സിന്‍െറ ലാഭം 28 ശതമാനം ഉയര്‍ന്ന് 291 കോടിയും ജെ.കെ ടയേഴ്സിന്‍േറത് 124 ശതമാനം വര്‍ധിച്ച് 124 കോടിയുമായി.
കര്‍ഷകരെ ആത്മഹത്യയുടെ വക്കിലേക്കാണ് വിലത്തകര്‍ച്ച എത്തിക്കുന്നതെങ്കില്‍, അതത്രയും വ്യവസായികള്‍ക്ക് കൊള്ളലാഭമാണ്. ചൈനയില്‍നിന്നും മറ്റും കുറഞ്ഞ നിരക്കില്‍ ടയര്‍ എത്തുന്നതാണ് ഇന്ത്യന്‍ വ്യവസായികളെ ഇപ്പോള്‍ ഭയപ്പെടുത്തുന്നത്. റബറിന് വില കുത്തനെ ഇടിഞ്ഞെങ്കിലും ടയര്‍ വ്യവസായികള്‍ നേരിയ തോതില്‍പോലും വില കുറച്ചില്ളെന്ന് ഏകോപന സമിതി കണ്‍വീനര്‍ പി. കൃഷ്ണപ്രസാദ്, ജോയന്‍റ് കണ്‍വീനര്‍ ജിതേന്ദ്ര ചൗധരി, എം.പിമാരായ കെ.എന്‍. ബാലഗോപാല്‍, കെ.കെ. രാഗേഷ്, പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. റബര്‍ കര്‍ഷക പ്രശ്നം ഉയര്‍ത്തി ചൊവ്വാഴ്ച ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തും.
റബര്‍ ബോര്‍ഡിനെ നാഥനില്ലാക്കളരിയാക്കുന്നതും വ്യവസായികള്‍ക്കു വേണ്ടിയാണെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. റബര്‍ബോര്‍ഡിനും മറ്റു വിവിധ കാര്‍ഷിക ബോര്‍ഡുകള്‍ക്കും ചെയര്‍മാനെ നിയമിക്കാത്തതുമൂലം, കര്‍ഷകന് കിട്ടേണ്ട ന്യായവില, വിപണി സാഹചര്യങ്ങള്‍, ഉല്‍പാദനച്ചെലവ് തുടങ്ങിയ കാര്യങ്ങള്‍ ഫലപ്രദമായി സര്‍ക്കാറില്‍ എത്താതെപോവുന്നു. അതറിഞ്ഞു തന്നെയാണ് വാണിജ്യ മന്ത്രാലയം നിയമനം നീട്ടിക്കൊണ്ടുപോകുന്നതെന്നും അവര്‍ ആരോപിച്ചു. 5000 കോടി രൂപയുടെ വിലസ്ഥിരത നിധി രൂപവത്കരിക്കുക, റബര്‍ സംസ്കരണ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ 1000 കോടി വകയിരുത്തുക, റബറിന് 240 രൂപ താങ്ങുവില നിശ്ചയിക്കുക, ഉല്‍പാദന സബ്സിഡി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാര്‍ച്ചില്‍ ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
