ഹിന്ദുത്വം വിളമ്പി രാജ്നാഥ് കുടുങ്ങി
text_fields
ന്യൂഡല്‍ഹി: അസഹിഷ്ണുതാ വിവാദത്തില്‍ ലോക്സഭയിലെ ചര്‍ച്ചയില്‍ സി.പി.എം അംഗം മുഹമ്മദ് സലീം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെയും ബി.ജെ.പിയെയും വെട്ടിലാക്കി. 800 വര്‍ഷത്തിനു ശേഷം ഇന്ത്യക്ക് ലഭിച്ച ആദ്യ ഹിന്ദു ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് രാജ്നാഥ് സിങ് പറഞ്ഞതായി ‘ഒൗട്ട്ലുക്ക്’ മാഗസിനില്‍ വന്ന റിപ്പോര്‍ട്ട് സഭയില്‍ ഉദ്ധരിച്ച സലീം ഈ സര്‍ക്കാറില്‍നിന്ന് എന്ത് മതനിരപേക്ഷതയാണ് പ്രതീക്ഷിക്കേണ്ടതെന്ന ചോദ്യം മുന്നോട്ടുവെച്ചു.
ഇതേചൊല്ലിയുള്ള ബഹളത്തില്‍ സഭ നാലുവട്ടം നിര്‍ത്തിവെച്ചു. സലീമിന്‍െറ ആരോപണത്തോട് വികാരഭരിതനായി പ്രതികരിച്ച രാജ്നാഥ് സിങ് പക്ഷേ, റിപ്പോര്‍ട്ടിലെ പരാമര്‍ശം നേര്‍ക്കുനേര്‍ നിഷേധിച്ചില്ല. സലീം ഉന്നയിക്കുന്നത് ഗൗരവമേറിയ ആരോപണമാണെന്നും എവിടെയാണ് പറഞ്ഞതെന്ന് സലീം വ്യക്തമാക്കണമെന്നുമായിരുന്നു രാജ്നാഥ് സിങ്ങിന്‍െറ ആദ്യപ്രതികരണം.
ആര്‍.എസ്.എസ് യോഗത്തില്‍ മന്ത്രി ഇങ്ങനെ പറഞ്ഞുവെന്നാണ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് വിശദീകരിച്ച സലീം മാഗസിന്‍െറ കോപ്പിയും ഹാജരാക്കി. ഇതോടെ വികാരഭരിതനായ രാജ്നാഥ് സിങ് പാര്‍ലമെന്‍റില്‍ ഇത്രയേറെ വേദനിപ്പിച്ച ആരോപണം ഇതുവരെ ഉണ്ടായിട്ടില്ളെന്നും അങ്ങേയറ്റം ദു$ഖിതനാണെന്നും പറഞ്ഞു.
ഞാന്‍ അങ്ങനെ സംസാരിക്കുന്ന ആളല്ളെന്ന് രാജ്യത്തെ ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അറിയാം. ആലോചിച്ച് മാത്രം സംസാരിക്കുന്ന ആളാണ്. ആഭ്യന്തരമന്ത്രിസ്ഥാനത്ത് ഇരിക്കുന്നയാള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ളെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഇതോടെ മന്ത്രിക്ക് പിന്തുണയുമായി ബി.ജെ.പി അംഗങ്ങള്‍ കൂട്ടത്തോടെ എഴുന്നേറ്റു. മാഗസിന്‍ റിപ്പോര്‍ട്ട് മന്ത്രി നിഷേധിച്ച സാഹചര്യത്തില്‍ മന്ത്രിക്കെതിരെ പറഞ്ഞത് സലീം പിന്‍വലിക്കണമെന്നും അല്ലാതെ അസഹിഷ്ണതാ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനാവില്ളെന്നും പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. താന്‍ ആരോപണം ഉന്നയിച്ചിട്ടില്ളെന്നും മാഗസിനില്‍ വന്നത് ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ച സലീം റിപ്പോര്‍ട്ട് തെറ്റാണെങ്കില്‍ മാഗസിന്‍ ഇറങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും എന്തുകൊണ്ട് മന്ത്രി നിഷേധക്കുറിപ്പ് നല്‍കിയില്ല, മാഗസിനെതിരെ നിയമ നടപടി സ്വീകരിച്ചില്ല എന്ന് ചോദിച്ചു.
ഇതിന് ഭരണപക്ഷത്തുനിന്ന് മറുപടി ഉണ്ടായില്ല. പറഞ്ഞത് പിന്‍വലിക്കാന്‍ തയാറല്ളെന്ന് ഉറപ്പിച്ചുപറഞ്ഞ സലീമിന് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദമായി. പരാമര്‍ശം പിന്‍വലിക്കാന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സലീമിനോട് നിര്‍ദേശിച്ചത് ഇടത് അംഗങ്ങളെ ക്ഷുഭിതരാക്കി. സലീം പറഞ്ഞതും രാജ്നാഥ് സിങ്ങിന്‍െറ മറുപടിയും തല്‍ക്കാലം സഭാരേഖകളില്‍ ഉള്‍പ്പെടുത്തുന്നില്ളെന്നും അവ ഉള്‍പ്പെടുത്തണോ എന്ന കാര്യം പരിശോധിച്ച് തീരുമാനിക്കാമെന്നും സ്പീക്കര്‍ റൂളിങ് നല്‍കി.
റൂളിങ്ങിന് ശേഷവും സലീം പറഞ്ഞത് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ബി.ജെ.പി അംഗങ്ങള്‍ ഉറച്ചുനിന്നു. പിന്‍വലിക്കില്ളെന്ന നിലപാടില്‍നിന്ന് സലീമും മാറിയില്ല. സലീമിനെ ചേംബറില്‍ വിളിപ്പിച്ച് സ്പീക്കറും പാര്‍ലമെന്‍ററികാര്യ മന്ത്രിയും ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ മാഗസിന്‍ റിപ്പോര്‍ട്ടുമായി പറഞ്ഞ കാര്യങ്ങളെല്ലാം സഭാ രേഖകളില്‍നിന്ന് നീക്കംചെയ്തതായി സ്പീക്കര്‍ അറിയിച്ചതോടെയാണ് പ്രശ്നം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
