മാലേഗാവ് സ്ഫോടന കേസ്: ഒരു സാക്ഷികൂടി കൂറുമാറി
text_fieldsമുംബൈ: 2008ലെ മാലേഗാവ് സ്ഫോടന കേസിൽ പ്രതി ലഫ്. കേണൽ പ്രസാദ് പുരോഹിതിനെതിരെ മൊഴിനൽകിയ സാക്ഷി കൂറുമാറി. കരസേന മുൻ ക്യാപ്റ്റനാണ് പ്രത്യേക എൻ.ഐ.എ കോടതിയിൽ കൂറുമാറിയത്.
ആദ്യം കേസന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ (എ.ടി.എസ്) തോക്കിൻമുനയിലാണ് മൊഴിയെടുത്തതെന്ന് ആരോപിച്ചാണ് കൂറുമാറ്റം. ഇതോടെ സന്യാസിമാരും സൈനികരും പ്രതികളായ കേസിൽ കൂറുമാറിയവരുടെ എണ്ണം 34 ആയി. എ.ടി.എസിന്റെ കുറ്റപത്രം പ്രകാരം പുരോഹിതിന്റെ വീട്ടിൽ ആർ.ഡി.എക്സ് കണ്ടതിനും അദ്ദേഹത്തിന് അഭിനവ്ഭാരത് സംഘടനയുമായുള്ള ബന്ധത്തിനും സാക്ഷിയായിരുന്നു ഇയാൾ.
എ.ടി.എസിൽനിന്ന് കേസ് ഏറ്റെടുത്ത ഉടൻ എൻ.ഐ.എ ആദ്യം നൽകിയ സാക്ഷിപ്പട്ടികയിലും മുൻ ക്യാപ്റ്റൻ ഉണ്ടായിരുന്നു. എന്നാൽ, എൻ.ഐ.എക്ക് മൊഴി നൽകിയിട്ടില്ലെന്ന് ഇയാൾ കോടതിയിൽ പറഞ്ഞു. എ.ടി.എസ് ഭീഷണിപ്പെടുത്തി മൊഴിയെടുത്തതിന് എതിരെ 2009ൽ മഹാരാഷ്ട്ര മനുഷ്യാവകാശ കമീഷന് പരാതി നൽകിയിരുന്നതായി ഇയാൾ കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് സാക്ഷിയുടെ പരാതിയുടെ രേഖകൾ പുരോഹിത് കോടതിയിൽ ആവശ്യപ്പെട്ടു. പുരോഹിതിന്റെ ആവശ്യത്തോട് പ്രതികരിക്കാൻ എൻ.ഐ.എ കൂടുതൽ സമയം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

