അർധനഗ്നരായി പെൺകുട്ടികൾ ക്ഷേത്രത്തിൽ തുടരുന്നത് ആചാരത്തിന്‍റെ ഭാഗമെന്ന് ജില്ലാ ഭരണകൂടം
text_fieldsചെന്നൈ: അർധനഗ്നരായി പെൺകുട്ടികൾ ക്ഷേത്രത്തിൽ തുടരുന്നത് തമിഴ്നാട്ടിലെ ആചാരത്തിന്‍റെ ഭാഗമാണെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം. ചൊവ്വാഴ്ച സമാപിക്കുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്‍റെ ഭാഗമായി തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളിലും ഇന്ന് കണ്ടുവരുന്ന ഒരു ആചാരമാണിത്. സമുദായമാണ് ഇത്തരത്തിൽ പെൺകുട്ടികളെ കണ്ടെത്തുന്നതും ക്ഷേത്രത്തിൽ താമസിക്കാൻ അനുവദിക്കുന്നതും. തമിഴ്നാട്ടിലെ മധുരയിലെ ഒരു ക്ഷേത്രത്തിൽ ഏഴ് പെൺകുട്ടികളെ ദേവതകളാക്കി മാറ്റിയ സംഭവം ഇന്നലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.
അതേസമയം, ദക്ഷിണേന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ദേവദാസി സമ്പ്രദായത്തിന്‍റെ ഭാഗമാണ് ഇത്തരം ആചാരങ്ങളെന്നും ഇത് തുടരാൻ അനുവദിക്കരുതെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദേവദാസി സമ്പ്രദായം 1988ൽ രാജ്യത്ത് നിയമം വഴി നിരോധിക്കപ്പട്ടിട്ടുണ്ടെങ്കിലും തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കിഴക്കൻ ഇന്ത്യയിലും ചില സ്ഥലങ്ങളിൽ ഇപ്പോഴും തുടരുന്നു. ഈ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ക്ഷേത്രങ്ങളിൽ കഴിയുന്ന ഇവർ ലൈംഗിംക ചൂഷണത്തിന് വിധേയരാവുന്നുവെന്നും കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ നാല് ആഴ്ചക്കകം തമിഴ്നാട്, ആന്ധ്രപ്രദേശ് സർക്കാറുകൾ വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഈ ആക്ഷേപങ്ങളെല്ലാം ജില്ലാഭരണകൂടം തള്ളിക്കളഞ്ഞു. ശിശുക്ഷേമ ബോർഡിലെ ഉദ്യോഗസ്ഥർ ക്ഷേത്രത്തിലെത്തി അധികൃതരേയും പെൺകുട്ടികളുടെ മാതാപിതാക്കളെയും സന്ദർശിച്ചതായും ഒരു തരത്തിലുള്ള പീഡനവും നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായും മധുരൈ ജില്ലാ ഭരണകൂടം വ്യക്തമാക്കി.
200 വർഷങ്ങളായി ഈ പ്രദേശത്തെ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ആചാരമാണിത്. ഇതിന്‍റെ ഭാഗമായി പീഡനങ്ങളൊന്നും നടന്നിട്ടില്ല. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഉത്സവം നടക്കുന്നത്. പെൺകുട്ടികളുടെ അർധ നഗ്നരായി തുടരരുതെന്നും ഷാൾ കൊണ്ട് മറക്കണമെന്ന് നിർദ്ദേശം നൽകിയതായും വീര രാഘവ റാവു പറഞ്ഞു.
എന്നാൽ ആചാരത്തിന്‍റെ ഭാഗമായി പെൺകുട്ടികളെ നിർബന്ധപൂർവം വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയാണെന്നാണ് ദേവദാസി സമ്പ്രദായത്തെക്കുറിച്ച് ഗവേഷണം നടത്തിയ പ്രിയംവദ മോഹൻ സിങ്ങിന്‍റെ അഭിപ്രായം.
ദേവതകളെ പോലെ അലങ്കരിച്ച ഏഴ് പെൺകുട്ടികളുടെ ഫോട്ടോ പുറത്തുവന്നതിനെ തുടർന്നാണ് സംഭവം വിവാദമായത്. വസ്ത്രങ്ങൾ ധരിക്കാതെ ആഭരണങ്ങൾ കൊണ്ട് ശരീരത്തിന്‍റെ മുകൾഭാഗം മറച്ച രീതിയിലായിരുന്നു പെൺകുട്ടികൾ. ക്ഷേത്രത്തിലെ വാർഷിക ആചാരത്തിൻറെ ഭാഗമായി ഒരു പുരുഷപൂജാരിയുടെ സംരക്ഷണത്തിൽ 15 ദിവസം ഇവർ ചെലവഴിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് ആചാരത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിലെ ദേവതകളാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
