Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right200 യൂനിറ്റ് സൗജന്യ...

200 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ്; ജനത്തിന്‍റെ ഒരു പൈസ പോലും തൊടില്ലെന്നും വിജയ്

text_fields
bookmark_border
200 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ്; ജനത്തിന്‍റെ ഒരു പൈസ പോലും തൊടില്ലെന്നും വിജയ്
cancel

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ ജനകീയ പ്രഖ്യാപനം നടത്തി വിജയ്. പ്രതിമാസം 200 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നും സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുമെന്നും വിജയ് പറഞ്ഞു.

ജനത്തെ എന്‍റെ ഹൃദയത്തിൽ കുടികൊള്ളുന്നവരെന്ന് വിശേഷിപ്പിച്ചാണ് വിജയ് പ്രസംഗം തുടങ്ങിയത്. തന്റെ സർക്കാറിൽ സമാന്തര അധികാര കേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നും തീരുമാനങ്ങൾ എടുക്കുന്നതിൽ താൻ മാത്രമായിരിക്കും അവസാന അധികാരിയെന്നും വിജയ് പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കുന്നതിനും ഭരണ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും തനിക്ക് ന്യായമായ സമയം നൽകണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കവേ, 2021 മുതൽ 2026 വരെയുള്ള കാലയളവിലെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു.

ഡി.എം.കെ സർക്കാർ സംസ്ഥാനത്തെ 10 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണ് ഉപേക്ഷിച്ചു പോയതെന്നും തന്റെമേൽ അടിച്ചേൽപ്പിച്ച ഈ ഭാരം എത്രത്തോളമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ധവളപത്രം ഇറക്കുന്നതെന്നും വിജയ് വ്യക്തമാക്കി. ലഹരിമരുന്നിനെതിരെ കർശന നടപടി സ്വീകരിക്കും. ഭരണത്തിൽ സുതാര്യത ഉറപ്പാക്കും. ജനത്തിന്‍റെ ഒരു പൈസ പോലും തൊടില്ല. ദാരിദ്ര്യവും വിശപ്പും എന്താണെന്ന് അറിയാവുന്ന സാധാരണക്കാരനാണ് താന്‍. വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കില്ല. സാധ്യമായ കാര്യങ്ങള്‍ മാത്രമേ പറയൂവെന്നും വിജയ് പറഞ്ഞു.

‘ഒരു സഹസംവിധായകന്റെ മകനായ, സിനിമയില്‍ വിജയിക്കാന്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ട എനിക്ക് ദാരിദ്ര്യവും വിശപ്പും എന്താണെന്ന് വളരെ നന്നായി അറിയാം. ഞാന്‍ ഒരു രാജപരമ്പരയില്‍ നിന്ന് വരുന്നയാളല്ല. നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള ഒരാളാണ്. അങ്ങനെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്. നിങ്ങളും എന്നെ അതുപോലെ കണ്ടതിനാലാണ് എനിക്ക് സിനിമയില്‍ വലിയ സ്ഥാനത്തെത്താന്‍ കഴിഞ്ഞത്. ജനങ്ങളോടുള്ള കടപ്പാട് വീട്ടാനാണ് ഞാന്‍ എല്ലാം വിട്ടൊഴിഞ്ഞ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. നിങ്ങള്‍ എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചതില്‍ നന്ദി’ -വിജയ് പറഞ്ഞു.

വിജയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അഭിനന്ദിച്ചു. പൊതുജനക്ഷേമത്തിനായി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോസഫ് വിജയ്ക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഭരണകാലയളവിന് എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി തമിഴ്‌നാട് സർക്കാറുമായി ചേർന്ന് കേന്ദ്രസർക്കാർ തുടർന്നും പ്രവർത്തിക്കും” മോദി എക്സിൽ കുറിച്ചു.

വിജയ്ക്കും ടി.വി.കെക്കും മുഴുവൻ പുരോഗമന സഖ്യത്തിനും അഭിനന്ദനങ്ങളെന്ന് ഖാർഗെ പ്രതികരിച്ചു. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തകരുടെ ആവേശത്തിരയിളക്കത്തിലായിരുന്നു ഇളയ ദളപതി ജോസഫ് സി. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലികൊടുത്തു. ടി.വി.കെ നേതാക്കളായ കെ.എ. ശെേങ്കാട്ടയൻ, എൻ. ആനന്ദ്, കെ.ജി. അരുൾ രാജ്, ആധവ് അർജുന, സി.ടി.ആർ നിർമൽകുമാർ, രാജ്മോഹൻ, പി. വെങ്കട്ടരമണൻ, ടി.കെ. പ്രഭു, എസ്. കീർത്തന തുടങ്ങിയവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മന്ത്രിസഭയിൽ കോൺഗ്രസിനും പ്രാതിനിധ്യം ഉണ്ടാകും. 1967നുശേഷം ആദ്യമായാണ് കോൺഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സത്യപ്രതിജ്ഞ വേദിയിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free electricityActor VijayTVK Vijay
News Summary - 200 Units Free Electricity, Women Protection Force -Chief Minister Vijay
Next Story