സി.ജെ.പി മാർച്ചിനിടെ പൊലീസ് മർദിച്ച 20കാരി വെന്റിലേറ്ററിൽ; രാഹുൽ ഗാന്ധിയും കെജ്രിവാളും ആശുപത്രിയിലെത്തി, അടിയന്തര യോഗം വിളിച്ച് നദ്ദ
text_fieldsന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 20 കാരി വെന്റിലേറ്ററിൽ. യുവതിയുടെ നില അതീവഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രതിഷേധക്കാരെ കാണാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അരവിന്ദ് കെജ്രിവാൾ അടക്കമുള്ളവർ ആശുപത്രിയിലെത്തി. പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉന്നത ഡോക്ടർമാരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നദ്ദ ഉന്നത അടിയന്തര യോഗം ചേർന്ന് ചികിത്സാ സംവിധാനങ്ങളും നിലവിലെ സാഹചര്യവും അവലോകനം ചെയ്തു.
സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ ആർ.എം.എൽ ആശുപത്രിയിലെത്തി യുവതിയെ സന്ദർശിച്ചു. പോലീസ് നടപടിയിൽ പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായതിൽ ദീപ്കെ പ്രതിഷേധത്തിൽ പങ്കെടുത്തവരോടും പൊതുജനങ്ങളോടും പരസ്യമായി ക്ഷമാപണം നടത്തി. പ്രതിഷേധക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തനിക്ക് കൂടുതൽ കാര്യക്ഷമമായി ഇടപെടാനായില്ലെന്ന് അദ്ദേഹം പറഞ്ഞു; പ്രത്യേകിച്ച് പരിക്കേറ്റ വനിതാ പ്രതിഷേധക്കാരോടുള്ള ഖേദവും അദ്ദേഹം പ്രകടിപ്പിച്ചു.
"ഞങ്ങളെ പിന്തുണച്ച എല്ലാവരോടും ഞാൻ മാപ്പപേക്ഷിക്കുന്നു. പ്രത്യേകിച്ച്, പുരുഷ പോലീസുകാരാൽ മർദനമേൽക്കപ്പെട്ട പെൺകുട്ടിയോട്. നമ്മൾ നന്നായി കാര്യങ്ങൾ ചെയ്തു. ഡൽഹി പോലീസിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തനത്തിൽനിന്ന് നിങ്ങളെ സംരക്ഷിക്കേണ്ടതായിരുന്നു. ഇരുപതോളം വിദ്യാർഥികളുടെ മരണത്തിനുത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ രക്ഷിക്കുന്നതിനായി നിരവധി വിദ്യാർഥികളുടെ ചോര ഒഴുക്കുകയാണ്" - അഭിജിത് പറഞ്ഞു. ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് വ്യക്തിപരമായി തന്നെ ബന്ധപ്പെടണമെന്നും അഭിജിത് ആവശ്യപ്പെട്ടു.
നീറ്റ്, സി.ബി.എസ്.ഇ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിണമെന്നാവശ്യപ്പെട്ടാണ് സി.ജെ.പി പാർലമെന്റ് മാർച്ച് നടത്തിയത്. കണക്കുകൂട്ടലുകൾ തെറ്റിച്ച് ആളുകൾ എത്തിയതോടെ പൊലീസ് സമരത്തെ അടിച്ചമർത്തുകയായിരുന്നു. രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് പാർലമെന്റ് മാർച്ച് നടത്തിയിരുന്നത്. ഇന്നും പ്രതിഷേധം തുടരുകയാണ്.
ജൂൺ 20-നാണ് ജന്തർ മന്തറിൽ സി.ജെ.പി സമരം തുടങ്ങിയത്. ജൂൺ 28 മുതൽ സോനം വാങ്ചുക്കും നിരാഹാര സമരം തുടങ്ങി. സമരം തുടർന്നതോടെ സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും, സമരത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തതോടെ ജൂലൈ 18-ന് ഡൽഹി പൊലീസ് നാടകീയ നീക്കത്തിലൂടെ അദ്ദേഹത്തെ സമരപ്പന്തലിൽ നിന്ന് ആശുപത്രിയിലേക്ക് നീക്കി. എന്നാൽ ആശുപത്രിയിലും അദ്ദേഹം സമരം തുടരുകയാണ്. വാങ്ചുക്കിന്റെ അറസ്റ്റിനു പിന്നാലെ അഭിജിത് ദീപ്കെ സമര വേദിയിൽ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് നടപടിക്കിടെ 70 സമരക്കാർക്ക് പരിക്കേറ്റുവെന്നാണ് സി.ജെ.പി അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

