തുടർച്ചയായ മൂന്നാം ശ്രമം; നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് 20കാരി ജീവനൊടുക്കി
text_fieldsന്യൂഡൽഹി: തുടർച്ചയായ മൂന്നാം ശ്രമത്തിൽ മെഡിക്കൽ പ്രവേശനം സ്വപ്നം കണ്ടിരുന്ന 20കാരി ആത്മഹത്യ ചെയ്തു. നോർത്ത് ഡൽഹിയിലെ ആസാദ്പൂർ ലാൽ ബാഗ് സ്വദേശിയായ പെൺകുട്ടിയാണ് നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്നുണ്ടായ മാനസികവിഷമത്തെ തുടർന്ന് ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ മെയ് 3ന് നടന്ന നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന ആത്മവിശ്വാസത്തിലായിരുന്നു പെൺകുട്ടി. എന്നാൽ, ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) പരീക്ഷ റദ്ദാക്കുകയും ജൂൺ 21ലേക്ക് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തതോടെ കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
വ്യാഴാഴ്ച ഉച്ചക്ക് ശേഷം ആസാദ്പൂരിലെ വീട്ടിലെ കിടപ്പുമുറിയിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിക്കാതെ മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ കേവൽ പാർക്ക് ശ്മശാനത്തിൽ വെച്ചാണ് പൊലീസ് ഇടപെടുന്നത്. നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ച് അറിയാത്തതിനാലാണ് പൊലീസിൽ അറിയിക്കാതെ സംസ്കാര ചടങ്ങുകൾക്ക് മുതിർന്നതെന്ന് കുടുംബം വ്യക്തമാക്കി. പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് ബി.ജെ.ആർ.എം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ മൂന്ന് വർഷമായി കുട്ടി നീറ്റ് പരീക്ഷക്കായുള്ള കഠിന തയാറെടുപ്പിലായിരുന്നു. കഴിഞ്ഞ വർഷം വെറും നാല് മാർക്കിന്റെ വ്യത്യാസത്തിലാണ് പെൺകുട്ടിക്ക് മെഡിക്കൽ പ്രവേശനം നഷ്ടമായത്. ഇത്തവണ മൂന്നാമത്തെ ശ്രമത്തിൽ പരീക്ഷ എഴുതി ഇറങ്ങിയപ്പോൾ തീർച്ചയായും വിജയിക്കുമെന്ന പ്രതീക്ഷ കുടുംബത്തിനും ഉണ്ടായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ ഒരു ടാക്സി ഡ്രൈവറാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മകളുടെ ഡോക്ടർ എന്ന സ്വപ്നത്തിനൊപ്പം നിൽക്കുകയായിരുന്നു ഈ കുടുംബം.
വ്യാഴാഴ്ച ഉച്ചക്ക് വീട്ടിൽ പെൺകുട്ടിയും ഇരട്ടസഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കൾ രണ്ടുപേരും പുറത്തായിരുന്നു. ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് പെൺകുട്ടി മുറിയിലേക്ക് പോയത്. കുറച്ചു ദിവസങ്ങളായി സഹോദരി കടുത്ത മാനസിക വിഷമം അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതിനാൽ, അന്വേഷിക്കാനായി മുറി തുറന്നപ്പോഴാണ് സഹോദരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് മാതാപിതാക്കളെ വിവരമറിയിക്കുകയും വൈകുന്നേരം 7 മണിയോടെ മൃതദേഹം ശ്മശാനത്തിൽ എത്തിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. വീണ്ടും ഒരു തവണ കൂടി പരീക്ഷക്ക് ഇരിക്കേണ്ടി വരുന്നതിനെക്കുറിച്ചുള്ള ഭയമായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ വിദഗ്ദ്ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പറുകൾ: DISHA - 1056, 0471-2552056).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

