മമതക്ക് വീണ്ടും തിരിച്ചടി; 20 തൃണമൂൽ എം.പിമാർ ബി.ജെ.പിയിലേക്ക്? നേതൃത്വവുമായി ചർച്ച നടത്തി
text_fieldsമമത ബാനർജി
കൊൽക്കത്ത: മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വീണ്ടും തിരിച്ചടി. പാർട്ടിയുടെ 20 എം.പിമാരെങ്കിലും ബി.ജെ.പി നേതൃത്വവുമായി ആഭിമുഖ്യം പുലർത്തുകയാണെന്നും അവർ ബി.ജെ.പിയിലേക്ക് പോയേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉന്നത നേതൃത്വവുമായി ചർച്ച നടത്തിയ എം.പിമാർ, ബി.ജെ.പിയിൽ ചേരാനുള്ള താൽപര്യം അറിയിച്ചതായാണ് എൻ.ഡി.ടി.വി റിപ്പോർട്ട് പറയുന്നത്.
പാർലമെന്‍റിന്‍റെ ഇരുസഭകളിലുമായി 41 എം.പിമാരാണ് ടി.എം.സിക്കുള്ളത്. ലോക്സഭയിൽ 28ഉം രാജ്യസഭയിൽ 13ഉം എം.പിമാർ. എം.പിമാർ പാർട്ടി വിടുകയാണെങ്കിൽ നിയമസഭയിൽ ദയനീയമായി പരാജയപ്പെട്ട തൃണമൂലിന് കനത്ത തിരിച്ചടിയാകും. നേരത്തേ, ടി.എം.സിയിൽനിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള 58 എം.എൽ.എമാർ തങ്ങളാണ് യഥാർഥ തൃണമൂൽ എന്ന് അവകാശപ്പെട്ട് രംഗത്തുവന്നത് പാർട്ടിയെ പിളർത്തിയിരുന്നു. 80 പാർട്ടി എം.എൽ.എമാരിൽ മൂന്നിൽ രണ്ടിലധികം പേരുടെ പിന്തുണയോടെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ സ്പീക്കർ അംഗീകരിക്കുകയും ചെയ്തു. 20ഓളം എം.എൽ.എമാരുടെ മാത്രം പിന്തുണയുള്ള മമത ബാനർജി വിഭാഗം പാർട്ടിയിൽ ന്യൂനപക്ഷമായി.
പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് തൃണമൂൽ. എം.പിമാർ പാർട്ടി വിടുന്നത് പ്രതിപക്ഷത്തിനും കനത്ത ആഘാതമാകും. ബുധനാഴ്ച വിമത വിഭാഗം പ്രത്യേക യോഗം ചേർന്നാണ് ഋതബ്രത ബാനർജിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. പിന്നാലെ ഋതബ്രതയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 58 എം.എൽ.എമാർ ഒപ്പിട്ട കത്ത് സ്പീക്കർക്ക് നൽകുകയായിരുന്നു. സ്പീക്കർ ഉടനടി ഇത് അംഗീകരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ വാർത്തസമ്മേളനം നടത്തിയ ഋതബ്രത ബാനർജി 80 എം.എൽ.എമാരിൽ 58 പേരുടെ പിന്തുണയുള്ള തങ്ങളാണ് യഥാർഥ തൃണമൂൽ എന്ന് അവകാശപ്പെട്ടു.
നേരത്തേ ഋതബ്രതക്കൊപ്പം പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടിരുന്ന സന്ദീപൻ സാഹയും ജാവേദ് ഖാൻ, ഷിയുലി സാഹ എന്നിവരുമായിരിക്കും സഭയിലെ ടി.എം.സിയുടെ ഉപനേതാക്കൾ എന്നും അദ്ദേഹം പ്രഖ്യാപിച്ചു. അഖ്റുസ്സമാൻ ചീഫ് വിപ്പാവും. മൂന്നിൽ രണ്ട് ഭൂപരിപക്ഷമുള്ളതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാവില്ലെന്നത് വിമത വിഭാഗത്തിന് നേട്ടമാണ്. മുതിർന്ന ടി.എം.സി നേതാക്കളായ സമർ മുഖോപാധ്യയ്, അരൂപ് റോയ്, രതിൻ ഘോഷ്, പ്രസൂൺ ബാനർജി, സബീന യാസ്മിൻ, സമീർ പാഞ്ച, ഗുലാം റബ്ബാനി, ഇമാനി ബിശ്വാസ്, ഹമീദുറഹ്മാൻ, ദിനൻ റോയ്, ചന്ദ്രനാഥ് സിൻഹ, റിയാസ് ഹുസൈൻ, ഗുൽഷൻ മാലിക്, പിയ പാൽ, സുരജിത് മിത്ര, ജഹാറാണി മൊണ്ഡൽ, അബ്ദുൽ അസീസ് തുടങ്ങിയവരൊക്കെ വിമതനിരയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

