മേൽജാതിക്കാരുടെ ഭീഷണി: രാജസ്ഥാനിൽ 20 മുസ്ലിം കുടുംബങ്ങൾ പലായനം ചെയ്തു
text_fieldsജയ്പുർ: മേൽജാതി ഹിന്ദുക്കളുടെ ഭീഷണിയെ തുടർന്ന് രാജസ്ഥാനിലെ ജയ്സാൽമിർ ജില്ലയിലെ ദൻഡൽ ഗ്രാമത്തിൽനിന്ന് 200ലേറെ പേരടങ്ങുന്ന 20 മുസ്ലിം കുടുംബങ്ങൾ പലായനം ചെയ്തു. കഴിഞ്ഞ നവരാത്രി ദിനത്തിൽ നാടോടി ഗായകൻ അമദ് ഖാൻ എന്നയാൾ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് കൂട്ടപലായനത്തിലേക്ക് നയിച്ചത്. നാടുവിടേണ്ടിവന്നവർ തങ്ങളുടെ ഗ്രാമത്തിൽനിന്ന് 20 കിലോമീറ്റർ അകലെ മറ്റൊരു ഗ്രാമത്തിൽ പൊലീസ് സംരക്ഷണത്തിലാണ് ഇപ്പോൾ കഴിയുന്നത്.
സെപ്റ്റംബർ 27ന് രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. ഗ്രാമത്തിലെ പതിവനുസരിച്ച് നവരാത്രി ദിവസം അമദ് ഖാൻ ഇവിടെയുള്ള ക്ഷേത്രത്തിൽ സംഗീത പരിപാടി അവതരിപ്പിച്ചു. ഇതിനിടെ മന്ത്രവാദ ചികിത്സ നടത്തുന്ന രമേശ് സത്തർ എന്നയാൾ ഖാനോട് പ്രത്യേക രാഗത്തിലുള്ള ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പാട്ട് മോശമാണെന്നുപറഞ്ഞ് ഇയാൾ ഖാനെ മർദിക്കുകയും സംഗീതോപകരണം നശിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം രാത്രി സത്തറും രണ്ടുപേരും ചേർന്ന് ഖാനെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയെന്നും പിന്നീട് മൃതദേഹമാണ് കണ്ടെത്തിയതെന്ന് സഹോദരൻ പറയുന്നു.
അടുത്ത ദിവസം ഇയാളുടെ വീട്ടിലെത്തിയ മേൽജാതി ഹിന്ദുക്കളായ ചിലർ പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തി. ഭയന്ന കുടുംബം മൃതദേഹം അന്നുതന്നെ മറവുചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു ഗ്രാമത്തിലുള്ള ബന്ധുക്കളെത്തി സഹായം വാഗ്ദാനം ചെയ്തതിനെ തുടർന്ന് അമദ് ഖാെൻറ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ സത്തറും ഉന്നത ജാതിക്കാരും വന്ന് മുഴുവൻ മുസ്ലിംകളോടും ഗ്രാമംവിടാൻ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേസമയം, അമദ് ഖാൻ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ഗ്രാമത്തലവൻ ഖേത് സിങ് പറയുന്നത്. മുസ്ലിംകളെ ഭീഷണിപ്പെടുത്തിയ സംഭവവും ഇദ്ദേഹം നിഷേധിച്ചു. എന്നാൽ, മർദനത്തെ തുടർന്നാണ് അമദ് ഖാൻ മരിച്ചതെന്നും ഗ്രാമം വിട്ട മുസ്ലിംകളെ തിരിെകയെത്തിക്കാൻ ശ്രമം ആരംഭിച്ചെന്നും ജില്ല പൊലീസ് സൂപ്രണ്ട് ഗൗരവ് യാദവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
